Monday, October 31, 2011

മൊഴി
ഇവിടെപ്രഭാതങ്ങളെത്ര മനോഹരം
ഇടനാഴിയിൽ നിഴൽ പൂക്കുന്നുവെങ്കിലും
തണലേറ്റിനിൽക്കുന്നൊരശ്വത്വമേ!
നിന്റെയരികിലായെന്നിലെ
ഗ്രാമവും പൂക്കുന്നു...
ഇടയിലായെത്ര ഋതുക്കൾ
നടന്നുപോയ്
ഇടവേളയിൽ മുഖം കാട്ടിയോർ
മാഞ്ഞുപോയ്....
മറയാതെ നിന്നതീപുലരിയും
കവിതയെ ഹൃദയത്തിലേറ്റിയോരീ
കടൽത്തീരവും,
അകലെ ശുഭ്രാകാശനിറുകയിൽ
നിന്നെന്റെ മിഴിയിൽ തെളിഞ്ഞോരു
നക്ഷത്രദീപവും
മറയാതെ നിന്നു മഹാവേദമെല്ലാം
മറക്കാതെ കാത്തുസൂക്ഷിച്ചൂ
ധരിത്രിയും..
ഇവിടെ ശരത്ക്കാലമെത്ര മനോഹരം
ഇടനാഴിയിൽ നിഴൽ പൂക്കുന്നുവെങ്കിലും
വിരലിലായ് വിസ്മയക്കൂടുമായെത്തുന്ന
മൊഴിതേടി സന്ധ്യയും ദീപങ്ങളേറ്റുന്നു
വഴികൾ ചുരുങ്ങിയെന്നാകിലും
മുന്നിലായ് മതിലുകൾ പലതും
വളർന്നുവെന്നാകിലും
ഇവിടെ തുലാമഴപെയ്യുമെൻ
ഹൃദ്താളലയമതിൽ നിന്നും
പുനർജനിക്കുന്നു ഞാൻ...

2 comments:

  1. ആരും കമന്റുകൾ നൽകാറില്ലേ ?

    ReplyDelete
  2. ചിലർ കമന്റുകൾക്ക് വേണ്ടി കവിതയെഴുതും,
    ചിലർ കവിതയോടുള്ള ആത്മാർഥമായ
    സ്നേഹം കൊണ്ടു കവിതയെഴുതും..
    രണ്ടു കൂട്ടർക്കും തമ്മിൽ
    ഒരുപാടൊരൊടുപാട് അന്തരമുണ്ട്
    എന്നറിയാത്തവരേ
    ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കൂ
    എന്നറിയാം

    ഗായത്രി

    ReplyDelete