Thursday, October 13, 2011

ജാലകവിരിയ്ക്കരികിൽ
ജാലകവിരിയ്ക്കരികിൽ
മഴക്കാറിൻ വിരിപ്പുമായെത്തിയ
പ്രഭാതത്തിനരികിൽ
സുവർണപ്പട്ടാൽ മൂടിയ
ആകൃതിയറിയാത്തോരുടെ
ആൾപ്പെരുമാറ്റം
ആവരണങ്ങളുടെ മർമ്മരം..
അനേകം ദിനങ്ങളുടെയിതളുകളിൽ
ഉണർന്നിരുന്ന അതേ അനക്കം..
ഉടഞ്ഞ മൺ തരികളിൽ വീണ 
ലോകത്തിനുത്ഭവത്തിൽ
പുറമേ പൊഴിയും പൂവുകൾ..
ജാലകപ്പടിയിൽ
ആകാശത്തിൽ നിന്നിറ്റുവീഴും
മഴതുള്ളികൾ...
പളുങ്കുമണികൾ പോൽ ചിതറും
മഴതുള്ളികൾക്കിടയിലൂടെ
അഴിക്കൂടുകളുടച്ച് 
പുറത്തേയ്ക്ക് നടക്കുന്നു
അയഥാർഥ്യം...
ജാലകത്തിലൂടെ
അകത്തേയ്ക്ക് വരുന്നു
പുറമെ പൊഴിയും പൂവിന്നൊരിതൾ..
അളന്നും തൂക്കിയും വെട്ടിയും
ചുരുക്കിയും അതിലാവുമോ
അയഥാർഥ്യങ്ങളുടെയഴിക്കൂടുകൾ
ആകൃതി നഷ്ടമായ
ഹൃദയത്തെയിനിയും വികലമാക്കുന്നത്
ജാലകവിരിപ്പാടിലേയ്ക്ക്
നടന്നുവരും ലോകമേ
മൺതരികളിൽ മഴപെയ്യുമ്പോൾ
അറിയാൻ ശ്രമിക്കാം
തിരുശേഷിപ്പുകളിലുണരും
അരുളപ്പാടുകളെ....




No comments:

Post a Comment