Thursday, October 13, 2011


മഴപെയ്തുതോർന്നൊരു സന്ധ്യയിൽ 
മഴപെയ്തുതോർന്നൊരു സന്ധ്യയിൽ 
ചുറ്റുവലയങ്ങളുടെ
കനമേറും കൽച്ചീളുകളിലുടക്കിവീഴുന്നു
ഭൂമിയുടെയൊരു തളിർ...
കല്ലുരച്ചെഴുതുമരുളപ്പാടുകൾ
കാണുമ്പോൾ
ലഘൂകരിക്കാനാവാതെ
ഒരുനാളുമറിയാതിരുന്നിട്ടും
ശിരസ്സിലേയ്ക്ക് വന്നുവീണ
ഇരുമ്പുമലയോ പ്രണയം 
എന്ന സംശയവുമുണ്ടാവുന്നു...
ഭൂവിലാപകാവ്യങ്ങളുടെ
അക്ഷരമാലാക്രമം തേടിയാരാണാവോ
ജനാലപ്പടിമേൽ
നിത്യവുമൊളിപാർക്കുന്നത്
എഴുത്തോലകളിൽ
ഗ്രാമമെഴുതി സൂക്ഷിച്ചോരുറക്ക്
പാട്ടിൻലയമെത്ര ഹൃദ്യം
അറിയാതെയറിയാതെ
ഇമപൂട്ടിയുറങ്ങുമ്പോൾ
ആകാശവാതിലിനരികിൽ
ഭൂമിയ്ക്കൊരു സുരക്ഷാവലയം 
തീർത്ത് ഉറങ്ങാതെയിരിക്കുന്നു ദൈവം..
പടകുടീരങ്ങളിൽ
കുഴിമാടങ്ങൾ പണിതു കാത്തിരിക്കും
കുലമേ
തണുപ്പാർന്നൊരീ സന്ധ്യയിൽ
ഭൂമിയുടെയിരുമിഴിയിലും
സുഖമാം സുരക്ഷിത്വത്തിൽ
ഉറങ്ങട്ടെ ആർദ്രാനക്ഷത്രം...

No comments:

Post a Comment