Wednesday, October 19, 2011


മുദ്ര
ഇനിയും വരും പുലർകാലങ്ങളീ
വഴിയ്ക്കരികിലായ് മഴയും
ശരത്ക്കാലവും വരും
പലതും വളർന്നു കൊഴിഞ്ഞുപോവും
ഭൂവിലൊരുമണൽതുള്ളിയായ്
വർണമായ്, വിദ്യയായരികിൽ
വിരൽതുമ്പിലോർമ്മതൻ
തൂവലിലുണരുമെൻ ഹൃദ്സ്പന്ദനങ്ങളും
പിന്നെയാമൊഴിയിലെ കാവ്യവും
കനകാംബരങ്ങളും, കടലിന്റെയുൾതുടിപ്പും...


ചെറുനൗകകൾതുഴഞ്ഞേറും
തുരുത്തിന്റെയരികിലായ് കാണുമാ
ചക്രവാളത്തിന്റെയിതളിലായ്
സന്ധ്യകൾ ദീപമേറ്റും നേരമിടയിലായ്
കൃഷ്ണപക്ഷങ്ങൾ വളർന്നുവന്നിടനാഴികൾ
മറച്ചേയ്ക്കുമെന്നാകിലും
പടികളിൽ കാലം നടന്നുനീങ്ങും നേരമവിടെ
പതിഞ്ഞതാം മുദ്രകൾ കണ്ടുകണ്ടറിയാതെ
മായുമാ സംവൽസരങ്ങൾ തൻ
ചിറകിലായ് നീങ്ങുന്ന ലോകമേ
ശംഖിലെൻ കടലും ചലിയ്ക്കുന്നു
ഹൃദ്സ്പന്ദനങ്ങൾ പോൽ....

No comments:

Post a Comment