Sunday, October 9, 2011

ഓർമ്മകൾ പിന്നോട്ടോടുമ്പോൾ


ഓർമ്മകൾ പിന്നോട്ടോടുമ്പോൾ
സംവൽസരങ്ങളുടെ 
തണുത്ത സായാഹ്നത്തിൽ നിന്നുണരുന്നു
ഹിരോഷിമയുടെയഗ്നിസ്ഫുലിംഗങ്ങൾ...
നടുക്കങ്ങൾ...


അടർക്കളത്തിലൂടെനടന്നനാൾ
തൂവൽസ്പർശത്തിലൊഴുകി
കൊടിതോരണങ്ങളാലംകൃതമായ്
മുന്നിലേയ്ക്കെത്തിയ വാഗ്ദോരണി
സത്യമെന്നുകരുതിയ ഭൂമി..
അതായിരുന്നുവോ
ആദ്യക്ഷരപ്പിശക്?


വാതിൽപ്പാളികൾക്കരികിൽകണ്ട
ഭംഗിയേറിയചിത്രക്കൂട്ടുകളിൽ
ആത്മാർഥതയുണ്ടെന്ന വിശ്വാസം
അതായിരുന്നുവോ 
അവിശ്വസനീയമാമൊരാവർത്തനപ്പിഴവ്...


മുന്നിലേയ്ക്കൊഴുകിയ കാവ്യത്തിനിതൾപ്പൂവിൽ 
നന്മയല്പമുണ്ടെന്നാശ്വസിച്ചുപോയ മനസ്സ്
നടുക്കങ്ങളുടെ നാലുകെട്ടിനുള്ളിൽ
കാണാനായതോ സ്പഷ്ടമാം 
വലക്കുരുക്കുകൾ, ശേഷിപ്പുകൾ,
കുമ്പസാരക്കൂടുകൾ...


അറിഞ്ഞിതത്രയുമെങ്കിൽ
അറിയാതെപോയതെത്രയായിരിക്കും
തേനോലും വനങ്ങളിൽ നിന്നൊഴുകുന്നുവോ
വീണ്ടും തിരുശേഷിപ്പുകൾ...


വാതിലനരികിൽ വീഴുന്നു
വിളംബകാലശീലുകൾ....
മുൾവാകകൾക്കൊരു മൂടിപണിത്
ആകാശം ചുരുക്കിയൊതുക്കാൻ 
ഇനിയുമൊരാവർത്തനമോ???


No comments:

Post a Comment