Thursday, October 27, 2011


മൊഴി
വേനലിൽ വാടിയില്ലീതുളസിപ്പൂക്കളേതോ
പുരാണഗന്ധത്തിന്റെയോർമ്മയിലീറനണിഞ്ഞു
ശ്രീകോവിലിലായിരം വേദമന്ത്രങ്ങൾ
ശ്രവിച്ചുകൊണ്ടെന്നും പുലർകാല
ഭൂമിതൻ നൈർമ്മല്യമായ്
പടിവാതിലിലാദികാവ്യങ്ങളെ
തൊട്ടുണർത്തി, പോയനാളുകൾക്കുള്ളിൽ
നിന്നിത്തിരിമണ്ണെടുത്താദ്യക്ഷരങ്ങളെ
ചേർത്തുവച്ചെൻ വിരൽക്കോണിൽ
നിറഞ്ഞൊരാപൂക്കളിലോ
മഴക്കാലവും പെയ്തുതളിർത്തു;
കാണാകുന്ന ദിക്കുകൾക്കുള്ളിലോ
കാലവും നീങ്ങി; കനൽതുള്ളിയിൽ
നെയ്ത കോലങ്ങളോ
നിഴൽപ്പാടുകളായ് മരക്കൂടുകൾ
തേടിപറന്നങ്ങകന്നുപോയ്


വേനലിൽ വാടിയില്ലീഭൂമിയാകാശ
വാതിലിൽ നിന്നും പ്രപഞ്ചം
കടം കൊണ്ട കാവ്യങ്ങളിൽ
പുനർഭാവമായ്
സായാഹ്നപാതകൾക്കപ്പുറം
സന്ധ്യതൻ നക്ഷത്രദീപങ്ങളിൽ
ശരത്ക്കാലമേറ്റും വർണഭംഗിയും
കാണുമീതീരങ്ങളിൽ
ചില്ലുജാലകപ്പാളിയിൽ
വീഴും നിഴൽപ്പാടിലേറിമറഞ്ഞുവോ
മിന്നാമിനുങ്ങുകൾ.....





No comments:

Post a Comment