Sunday, October 2, 2011

കടൽത്തീരമുദ്രകൾ
ഇന്നലെകണ്ടതുമിന്നൊരു
ഗോപുരമിന്നലാട്ടങ്ങളിൽ
താണൊഴുകുന്നതും
ഒന്നുതന്നെയെന്നു കാണും 
മഹാകാലചിഹ്നങ്ങളിൽ
വീണുമങ്ങും ഋതുക്കളിൽ
ഒന്നായൊതുങ്ങും 
മഴക്കാലസ്വപ്നമേ!
ഇന്നുപെയ്തീടുകീ വിദ്യ
തന്നാരംഭമൊന്നായ്
തുടുക്കുമീമൺതരിക്കുള്ളിലായ്
പാടങ്ങളെല്ലാം പണിക്കോപ്പുകൾ
പൂജയേറ്റിയോരീമൺകുടങ്ങളിൽ
നിന്നുമോ 
തൂവൽച്ചിറകിലായക്ഷരങ്ങൾ
പുരോഭാഗങ്ങളെല്ലാം തടുത്തുകൂട്ടി
ഹോമപാത്രങ്ങളെല്ലാമെടുത്തങ്ങ് പോയതും
കാണുന്നൊരീശുഭ്ര 
സാന്ദ്രപ്രഭാതത്തിനീണങ്ങളേകുന്ന
സാന്ത്വനത്തിൽ; നിറവാർന്നൊരീ
മൺദീപജ്വാലയിലാകവെ 
പൂജതുടങ്ങുമീഭൂപാളരാഗത്തിൽ
മായുന്നു, മങ്ങുന്നു ശോകദൈന്യങ്ങളും 
കാലമുദ്രാങ്കിതം കല്പനകൾ 
രഥവേഗങ്ങളിൽ
മാഞ്ഞ നക്ഷത്രദിക്കുകൾ...
എങ്കിലുമിന്നീകടത്തീരഭൂമിയിൽ
വന്നടിയുന്നു കടൽശംഖുകൾ
കടലൊന്നായൊതുങ്ങും
കടൽത്തീരമുദ്രകൾ



No comments:

Post a Comment