മൊഴി
ഇവിടെയോ വന്മതിൽക്കെട്ടുകൾ
ഞാനേതു കടലിനെ ചിറകെട്ടി
മായ്ച്ചിടും, പിന്നെയീ നടവഴിക്കപ്പുറം
ലോകം മഹാകാവ്യമെഴുതുന്നു
സഹ്യന്റെയരികിലോ
കോലങ്ങൾ തീർക്കും യുഗങ്ങളും
പുറമെയെല്ലാം ഭംഗിയിറ്റുന്ന
കാഴ്ച്ചകൾക്കകമേയും
മുൻവിധിയ്ക്കിളവുതേടി പലേ
വഴികളും കൂട്ടിൽ നിറക്കുന്നു
മായാത്തൊരിടവേളതൻ
മേഘഗർവവും
കണ്ടുകണ്ടതിശയം തീർന്നൊരീ
നാലുകെട്ടിൻ പഴേയറയിലോ
പ്രാചീനമൗനം സമാധിയിൽ
നെടുകെയും കുറുകെയും
ചങ്ങലപ്പാടിന്റെയരികിൽ
നിരത്തുന്ന നീർമരുത്തുക്കളിൽ
ഉരലുരസിപ്പോകുമൊരു യുഗത്തിൻ
നേർത്ത കവിതയിൽ
നിന്നോ തളിർത്തതീ ഭൂമിയും
അരികിലോ കണ്ടു
കടും ചായമേറ്റുന്നൊരെരിയുന്ന
ഗർവിന്റെയാദിസത്യങ്ങളെ
ഉണർവിന്റെയുണ്മയിലീ
ശരത്ദീപങ്ങളെഴുതുന്നു
ശംഖുകൾ മൊഴിതേടിയെത്തുന്നു...