മൊഴി
എവിടെയോ മങ്ങും നിലാവിന്റെയുള്ളിലെ
നിഴലുകൾ ചുറ്റിലും മതിലുകൾ പണിയുന്ന
വഴിയിൽ, തണുത്ത മൗനങ്ങളിൽ
വീണുടഞ്ഞെവിടെയോ മാഞ്ഞുപോയ്
ചന്ദനപ്പൂക്കളും...
പുറമേ നിറഞ്ഞുതൂവീടും കുടങ്ങളിൽ
പുഴയോ മറയ്ക്കുന്നനേകം കയങ്ങളെ
നിറുകയിൽ നിത്യമാം നേർരേഖകൾ
പകൽനിറവിനെ ചുറ്റിതിരിയ്ക്കുന്നുവെങ്കിലും
കനൽതൊട്ടുതൊട്ടുതൊട്ടീയാഗഭൂവിന്റെ
ഹൃദയവും കല്ലായുറഞ്ഞു തുടങ്ങുന്നു
ഇവിടെയെന്നേ നടക്കല്ലുകൾ താണ്ടിയാ
കുലശേഖരങ്ങൾ മെനഞ്ഞതാം
ചുമരുകൾക്കരികിലായാദികാവ്യങ്ങളോ
വീണ്ടുമീ മൊഴിയെ തുലാസിന്റെ
തുമ്പിൽ ചുരുക്കുന്നു..
പഴയതെല്ലാം തടിപ്പെട്ടിയിൽ ഭദ്രമായ്
തഴുതിട്ടുപൂട്ടി നടന്നുനീങ്ങാം
ചിതൽപ്പഴുതിലായ്
വീണുമങ്ങീടുന്നൊരോർമ്മകൾക്കിനിയേതു
സങ്കീർത്തനം??
മഹായാഗങ്ങളിവിടെയല്ലോ
പൂർണമാകുന്നതും.....
വെയിലുതുള്ളുന്നു മഴക്കാലമെങ്കിലും
വഴിയിലോ നിഴലിന്റെ നൃത്യരൂപം
ഇടവഴിയ്ക്കപ്പുറം ഗ്രാമമേ
സായാഹ്നവഴിയിലെന്തേയിത്ര
മാർഗവിഘ്നം??
വഴിയിൽ വിളക്കുമായ് സന്ധ്യയെത്തും
പകൽത്തിരിവിലായ് പൂക്കും ശരത്ക്കാലമേ
ഇവിടെയീ മൺ വിളക്കുടയുന്നതിന്മുൻപേ
മൊഴിയിൽ നിറച്ചാലുമഗ്നിവർണങ്ങളെ...
No comments:
Post a Comment