സ്മൃതി
ഓർമ്മയിൽ ശേഷിച്ചതൊന്നുമാത്രം
മഴക്കാലം നിറച്ച മൺപാത്രങ്ങൾ
ഭൂപാളമേറ്റിനിന്നോരുപ്രഭാതങ്ങൾ
മുന്നിലായാദ്യം വിരിഞ്ഞ വെൺപൂവുകൾ
പിന്നെയാ സോപാനവും കടന്നക്ഷരപൂജയ്ക്ക്
കാലത്തിനപ്പുറം നിന്നകൽമണ്ഡപം
കാഴ്ചകളേറ്റിയാപൂരപ്പറമ്പിലെ
കൂറ്റന്മരങ്ങളും നിന്നിരിക്കാം
കാലഗേഹങ്ങളിൽ പഴേകൂടുകൾ
മുദ്രതീർത്തോടുകൾ മാറ്റിപ്പുതുക്കിയോരിന്നിന്റെ
കോലാഹലം കണ്ടു വിസ്മയിക്കും
യോഗഭാവങ്ങളാദിപുരാണങ്ങൾ
പിന്നെയാ നേരിൻ തുടുപ്പുമായ്
നിൽക്കുന്ന നക്ഷത്രദീപങ്ങളിൽ
നിന്നുയിർക്കുന്ന സന്ധ്യയും
ഏതു സ്മൃതിചിന്തിലായിരിക്കും
ലോകഗോളങ്ങളാവരണങ്ങളെതീർത്തതും
ഏതു കെടാവിളക്കിന്നീധരിത്രിതൻ
പൂമുഖത്തിൽ പ്രകാശത്തെയൊരുക്കുന്നതേതു
സങ്കല്പമീയുൾക്കടലിൽ നൗകയേറി
മറഞ്ഞുപോകുന്നതും, പിന്നെയാ
ദ്വീപങ്ങളെല്ലാം കടന്നീമൊഴിക്കുള്ളിൽ
കൂടുകൂട്ടുന്നുവോ വീണ്ടും ശരത്ക്കാലം...
No comments:
Post a Comment