മൊഴി
ഇവിടെ ശൈത്യത്തിനെ
മായ്ക്കുന്നൊരുദ്ധ്യാനവഴിയിലായ്
പുകതുപ്പിയോടുന്നുവോ കുലം
അരികിലനേകം മുഖാവരണങ്ങളോ
ഗതിതെറ്റിഭൂരേഖയേറിയിടുന്നു
അതിരുകൾ തീർത്തു മടങ്ങിയോരെൻ
ശരത് ഋതുവിനുമിന്നെത്ര നിർമ്മമത്വം
അകലെയായ് പുഴയതാ പട്ടുനൂലിൽ
കല്ലുതരികൾ പൊതിഞ്ഞുസൂക്ഷിക്കുന്നു
വിരലതിലറിയാതെ തൊട്ടാലതും
മുറിവായിടും..
കനലുകൾ തൂവുന്നൊരസ്തമയം
കണ്ടതിവിടെ മുനമ്പിന്റെയരികിലായ്
സർഗങ്ങളെഴുതുവാൻ ഭൂമിയെന്നരികിലായ്
വന്നതുമിവിടെയിന്നീസംഗമത്തിന്റെ
തീരത്തി,ലെവിടെയോ മാഞ്ഞുപോയ്
ദൈന്യങ്ങളാദിതൊട്ടരികിലൊരു
ശംഖിലായർച്ചനാതീർഥവുമിലയിലായ്
തുളസിയും നീട്ടുന്ന ഗ്രാമമേ!
ഇവിടെ ഞാനീയിലക്കീറ്റിലായ്
വയ്ക്കുന്നതരികിലെ കാവ്യങ്ങൾ
മാത്രമെന്നുള്ളിലെ സ്മൃതിയിലായ്
പൂക്കുന്നതിന്നും മഴക്കാല
നിറവുമായ് നിൽക്കുന്ന
വൈശാഖ സന്ധ്യകൾ...
No comments:
Post a Comment