Sunday, November 6, 2011

മൊഴി
പലതും മറന്നുവയ്ക്കും യാത്രയായവർ
തിരികെ വരാനുമവർക്കവതില്ലിയീ
പകലിറങ്ങി പതിനാലു ലോകങ്ങൾക്കു-
മകലെയേതോ ദിക്കു തേടിനീങ്ങും
നേരമറികയുമില്ലാദിപർവങ്ങൾ,
മന്ത്രങ്ങളുരുവിട്ട ജപമാലകൾ
പോലുമില്ലാതെയൊരു 
മൺ തടത്തിൻ  തണുപ്പുമായ്
മായുന്നതരികിലായാധികൾ
പിന്നെയോ ഭൂമിതന്നരികിലും
പൂക്കും ഋതുക്കൾ, പലേകാലമിതു
തന്നെ കണ്ടുകണ്ടാദിസത്യങ്ങളിൽ
നിറമില്ല, നിർഗുണത്വം മാത്രമതുതീർത്ത
പടികളിൽ കുത്തിക്കുറിയ്ക്കുന്ന
കവിതയ്ക്കു മധുരവും തേനും
മരുന്നുപോൽ, വഴിവക്കിലെവിടെയോ
കാത്തുനിന്നീടും പുരാതന ചിമിഴുകൾ
പിന്നെയാ വാദ്യവും തിമിലതൻ
പ്രതലങ്ങൾ തീർക്കും തണുത്ത
ശബ്ദങ്ങളും...
ഇടയിലോ സന്ധ്യതന്നാത്മമന്ത്രങ്ങളെ
കടലുകൾ ചക്രവാളത്തിലായെഴുതുന്നു..
പലതുമുടഞ്ഞുതീർന്നേക്കം പകൽതുമ്പിനരികിൽ
നടന്നുമാഞ്ഞേയ്ക്കാം ദിനങ്ങളും
വഴിയിതോ പണ്ടും നടന്നതാണെങ്കിലും
മിഴികളോ കണ്ടു നിറഞ്ഞതാണെങ്കിലും
ഹൃദയത്തിലിന്നുമാരൂഢമൂലങ്ങളിൽ
ഒരുസ്വരം കവിതയെ വിരൽതൊട്ടുണർത്തുന്നു



No comments:

Post a Comment