മൊഴി
അരികിലെ ശബ്ദഘോഷങ്ങൾ
തണുത്താത്മചലനങ്ങളിൽ
മറഞ്ഞായുസ്സിൻ ദീപങ്ങളെഴുതുന്നു
വീണ്ടുമെൻ ഹൃത്തിൽ
കുറേക്കാലമവിടെയും മേഞ്ഞ
നിഴൽപ്പൊത്തുകൾതകർന്നൊടുവിലീ
സന്ധ്യയും നക്ഷത്രരാശികൾക്കരികിലായ്
മൊഴിയേറ്റി ശാന്തിനികേതന
കവിതകൾതേടിയീഭൂമണ്ഡലത്തിലെ
ഹരിതവനങ്ങളിൽ വന്നുനിന്നീടവേ
ഇടയിലാരൊക്കൊയോ കല്ലാൽതകർത്തെന്റെ
മണിവീണയും മനക്കോണിലെ കവിതയും
എവിടെയോ സാന്ദ്രമാമൊരുശരത്ക്കാലത്തിനൊടുവിലായ്
ഞാനും മറക്കാതെ സൂക്ഷിച്ച
മരതകക്കല്ലിൽ തിളങ്ങും പ്രപഞ്ചമേ!
അരികിലിരുന്നെന്റെ മൊഴിയറിഞ്ഞീടുക
ഇരുളുമായട്ടെ; പ്രകാശമീമൺവിളക്കതിൽ
നിന്നുമൊഴുകിയീ തീരം നിറയ്ക്കട്ടെ
ഇവിടെയിരുന്നുകാണും ചക്രവാളത്തിനരികിലെൻ
സ്വപ്നങ്ങൾ കാവ്യം കുറിയ്ക്കട്ടെ
അറിയില്ലെനിക്കാദിപർവങ്ങളക്ഷരചിമിഴിൽ
ഞാൻ കാണുന്നതിന്നുമോങ്കാരങ്ങൾ
എഴുതും വിരൽതുമ്പുമേറ്റുന്നതീ ശംഖിനരികിൽ
നിന്നൊഴുകുന്ന വിദ്യാമൃതം
No comments:
Post a Comment