മൊഴി
മൊഴിയിലിന്നും പകൽക്കനലുകൾ;
കാണുന്ന വഴിയിലെ കാഴ്ചകൾ
പണ്ടേ വിരസമീതണലുകൾക്കുള്ളിലെ
തങ്കനൂലിൽമിന്നുമരളിയും ചെമ്പകപ്പൂക്കളും
പിന്നെയെൻ മനസ്സിലെങ്ങോവീണു
കത്തും പകൽപ്പൊട്ടുമിടയിലെ
കാവ്യത്തുടിപ്പും, ഋതുക്കളെ
ചിറകേറ്റി നിൽക്കുമീ ഭൂമിയും,
താണുതാണെവിടേയോ മാഞ്ഞ
വിവേകമാഹാത്മ്യങ്ങളും
ഇവിടെയാണീപ്പകൽചിരിതൂവിയരികിലായ്
എഴുതുവാൻ വന്നതും പിന്നെയെന്നോ
താണ വഴികളിൽ നിഴൽപൂത്ത
ദിക്കിലെങ്ങോ മാഞ്ഞൊരരുവിയുമരികിലെ
കൽതുറുങ്കതിൽ നിന്നുമൊഴുകിപ്പരന്ന
വാനപ്രസ്ഥഗാനവും
മൊഴിയിലിന്നും പകൽക്കനലുകൾ
കാണുന്ന വഴിയിലെ കാഴ്ചകൾ
പണ്ടുമിതേപോലെയെഴുതിയാൽ
തീരാതെ നീണ്ടുപോമെങ്കിലും
ചിലകാലമീഭൂമിചങ്ങലക്കെട്ടുടച്ചെഴുതുന്ന
നേരം നെരിപ്പോടുകൾ പുകഞ്ഞറിയാതെ
തീക്കനൽ ചുറ്റിലും പാറുന്നു..
ഇടവഴിയ്ക്കപ്പുറം പകൽതുടുക്കും
നേരമെവിടെയോ മായുന്നു
ദൈന്യവും ദു:ഖവും
ഇവിടെ തണുപ്പാർന്നുനിൽക്കുന്നുചിന്തകൾ
പുകയുന്നതാരുടെ ഹൃദ്സ്പന്ദനങ്ങളീ
വഴികളിൽ തീയെരിക്കുന്നുവോ കാലവും
തിരകളിൽ നിന്നുമകന്നുവോ തീരവും...
No comments:
Post a Comment