Thursday, November 17, 2011

സ്മൃതിവിസ്മൃതികൾ
ഇന്നലെയോ തണുപ്പാർന്ന
നവംബറിന്നുള്ളിൽ നിന്നും
ഞാനെടുത്തെന്റെ ഭൂമിയെ...
എത്ര തിളക്കം കനൽചിന്തിനുള്ളിലെ 
കുത്തുവിളക്കുകൾ, പിന്നെയാവാനിലായ്
കത്തിനിന്നൂടുമെൻ നക്ഷത്രസ്വപ്നവും..
എത്ര തിളക്കമിന്നീ
ശരത്ക്കാലത്തിനിത്തിരിപ്പോന്ന
മൺദീപങ്ങൾ, ഗ്രാമവുമെത്ര
മനോഹരരമിന്നെന്റെ സന്ധ്യയും 
എത്രമനോഹരമിന്നരികിൽ
വന്നു നിൽക്കും തുലാമഴതുള്ളികൾ;
ഹോമങ്ങളെത്രകഴിഞ്ഞതാണീമണ്ണിൽ
നേദ്യമായർപ്പിച്ചതാണീ മനസ്സിനെ
നേർത്തുനേർത്തിത്രമാത്രം പട്ടു
നൂലുകൾതുന്നിയോരെത്രപ്രിയപ്പെട്ട
വാനവും, പിന്നെയോ
കത്തിനിൽക്കുന്നില്ല സൂര്യനീ
ശൈത്യത്തിനിത്തിരിപ്പോന്ന
ഋതുക്കളിൽ, പിന്നെയാ
കത്തിനിന്നീടും ത്രിനേത്രത്തിലഗ്നിയും
എത്രനാളോടി വൃകാസുരഭക്തിയിൽ..
ചിത്രങ്ങളെത്രയാണിന്നീവനാന്തരഭിത്തിയിൽ
ഞാനുമോ പർണ്ണശാലയ്ക്കുള്ളിലെത്രനാളെങ്കിലും
ദു:ഖമില്ലെന്നെന്റെ ഹൃത്തിലേയ്ക്കെത്തും
മഹാപ്രവാഹങ്ങളിൽ
കത്തുന്നുമില്ലാകനൽ 
ക്ഷീരസാഗരമെത്തിനിൽക്കുന്നതെൻ
ചക്രവാളങ്ങളിൽ...


No comments:

Post a Comment