Monday, November 14, 2011

സ്മൃതി
ഇന്നലെയാമഹാവേദങ്ങളെൻ 
മനസ്സൊന്നായ് 
ചുരുക്കിയൊതുക്കിയെന്നാകിലും
ഇന്നു കാണുന്നതാം
നൈമിത്തികപ്രളയഭംഗിയും
പിന്നെ പ്രപഞ്ചത്തിനുള്ളിലായ്
തിങ്ങിനിന്നീടുമെൻ കാവ്യസ്വപ്നങ്ങളും
തുന്നിയിട്ടോരു തുലാവാനഭിത്തിയിൽ
മിന്നുന്നുവോ പകൽദീപങ്ങൾ;
കാണുന്നതെന്നെയോ
ഞാനുമാ ദർപ്പണചില്ലിലായ്
കാലം ത്രികാലങ്ങളേറ്റി
പലേവട്ടമോടിയോരീ
സംവൽസരത്തിന്റെയുള്ളിലായ്
നേരുറഞ്ഞാദിമന്ത്രങ്ങളും മാഞ്ഞൊരാ
ഗോപുരങ്ങൾ കരിങ്കല്ലുപോൽനിൽക്കുന്നു
ആകെയുലഞ്ഞുതിരിഞ്ഞെങ്കിലും 
കടൽ വേഗത്തിലിന്നും സ്വരങ്ങൾ
മറക്കാത്തൊരീണങ്ങളിൽ 
നിന്നുണർന്നൊരാന്ദോളനം..
എത്ര ഋതുക്കൾ മറഞ്ഞു
പടിക്കെട്ടിലിത്തിരിനേരം 
പകൽകണ്ടിരുന്നൊരാ പക്ഷങ്ങൾ
മാഞ്ഞു, മിഴിക്കുള്ളിലെ സന്ധ്യയിത്തിരിപ്പോന്ന
നക്ഷത്രങ്ങളിൽ മിന്നി,യെൻ ഹൃത്തിലോ
ചക്രവാളം തീർത്തു സർഗങ്ങളെത്രവേഗത്തിൽ
ശരത്ക്കാലമെത്തിയീ ദിക്കിലെ 
ഗ്രാമത്തിനെത്ര ഭംഗി....

No comments:

Post a Comment