Friday, November 11, 2011


മൊഴി
മൂടൽമഞ്ഞേറി മറഞ്ഞ ദിനങ്ങൾതൻ 
സായന്തനങ്ങൾ ത്രിസന്ധയ്ക്ക്
നേദിച്ച ഗാനങ്ങളും സ്വർഗവാതിലിൻ
നിന്നുമെന്നീണങ്ങളിൽ തേൻപുരട്ടുന്ന
കാവ്യവുമായിരം ജന്മകർമ്മങ്ങളെ
ചാലിച്ചു വാതിലിൽ വന്നുനിന്നീടും ഋതുക്കളും
എത്രയേറെ പറഞ്ഞെങ്കിലുമായുഗ
ഭിത്തികൾക്കെന്നുമൊരേ നിറം
നെറ്റിയിൽ കത്തുന്നതേതു ത്രിനേത്രം?
വിഭൂതിയിലെത്തിനിൽക്കാത്ത
കനൽചിന്തുകൾ
പോയ ദിക്കുകളെല്ലാം ദിഗന്തക്കുരുക്കിന്റെ
ചിത്രങ്ങൾ തൂക്കിചുരുക്കിയോരീഭൂവിനിത്രമേൽ
ദു:ഖമെന്നാദിവൈദ്യൻ തീർപ്പുകൽപ്പിച്ചു
മുന്നിൽ; ചിരിക്കുന്നുവോ കടൽഭിത്തികൾ
വീണ്ടുമതേമുദ്രയെത്രനാളുത്തരമില്ലാതെ
കണ്ടുമിരിക്കുന്നു..
ഇത്രയേറെ പറയേണ്ടതുണ്ടോ മാഞ്ഞ
ചിത്രങ്ങൾ തൂക്കി തുലാഭാരമേറ്റുന്ന
തട്ടുകളെന്നുമൊരേവശം കാണുന്ന
ദിക്കിലെൻ ഹൃദ്സ്പന്ദനങ്ങളും നിശ്ചലം
നോവുകൾക്കെല്ലാമൊരേവരിപ്പാലങ്ങളായിരം
കണ്ടതാണീഭൂമിയിന്നിനിനേരിന്റെ
ഭിത്തികൾ തൂത്തുമായ്ക്കും 
വിരൽപ്പാടുകൾ കാണുന്നതെന്തിനായ്
സ്വർഗങ്ങളേകിയതെല്ലാം നിനക്കുമിരിക്കട്ടെ
ഭൂകാവ്യമെല്ലാമെനിക്കുമിരിക്കട്ടെ...

No comments:

Post a Comment