Sunday, November 20, 2011

മൊഴി
ഗോപുരങ്ങൾ കടന്നീലോകവാതിലിൽ
കാണുന്നതിത്രമേൽ മങ്ങും നിറങ്ങളോ?
ആകെ മൂടിക്കെട്ടിയീയാഗ്രഹായനം 
ആകാശവും മിഴിപൂട്ടിയുറങ്ങുന്നു
ആകെ കടുംകെട്ടുചുറ്റിയാ 
മേഘങ്ങളായിരം വാനിനു 
താഴെനീങ്ങീടുന്നു...


വെങ്കലപ്പൂട്ടുടച്ചാദിമന്ത്രങ്ങളാ
മണ്ഡപത്തിൽ ധ്യാനമെത്രനാൾ?
പിന്നെയാ മന്ദിരങ്ങൾ, 
മണിസൗധങ്ങളായതിൽ
മങ്ങിയെന്നേ ശരറാന്തലുകൾ,
തീരഭംഗിയെന്നേ തിര മായ്ച്ചു;
പുലർകാലവെണ്മയിൽ തൂവി
കുലം പലേ വർണവും...


ഇന്നിനി ബാക്കിയീ മൺദീപമൊന്നതിൽ
എണ്ണയിറ്റിക്കുമീയക്ഷരം 
ശംഖുകളെണ്ണിതിരിച്ചുവച്ചോരു
മൺപാത്രങ്ങൾ...
പിന്നെ ഋതുക്കൾ പലേനാളിലും
കുളിർതെന്നലിലിട്ടൂ തുലാസിന്റെ ഭാരവും
ഇന്നിനി നിർണയ രേഖകൾ
മായ്ക്കുന്നതൊന്നുമാത്രം 
മഹാകാലത്തിനപ്പുറം വിണ്ണിന്റെ
സാക്ഷ്യം, വിരൽതുമ്പിലേറ്റുന്ന
മണ്ണിന്റെ സാക്ഷ്യം, മഹാദ്വീപമൊന്നിലായ്
എന്നേ സമാധിയായ് മാഞ്ഞ സത്യം..


ഇന്നു സമം ഗിരിശൃംഗം, തണുപ്പാർന്ന
ചന്ദനം തൊട്ടൊരു ഗ്രാമവും, പിന്നെയാ
വിണ്ണിനെ ചുറ്റും ഗ്രഹങ്ങളുമീവിരൽതുമ്പിലായ്
കൂടുതേടുന്ന സ്വരങ്ങളുമിന്നു സമത്തിൽ,
തുലാസുകൾ നിർമ്മമം..
പിന്നെയീ ഗോപുരവാതിലിനപ്പുറം
എന്നേ പ്രപഞ്ചവും പാടിയതാണതേ
മന്ത്രം, മറന്നുപോവുന്നവരീകുലം
മിഴിരണ്ടിലുമായിയുറഞ്ഞൊരീ
ഭൂമിയെ കണ്ടുകണ്ടെന്നേയുറഞ്ഞു
സമുദ്രവും....



No comments:

Post a Comment