Tuesday, November 8, 2011


മൊഴി
വഴികളടച്ചീപടിപ്പുരയും 
പൂട്ടിയകലേയ്ക്കു പോകാമിരുമ്പുമുള്ളാൽ
ചുറ്റിവരിയുമീ ലോകമോ
സ്വാർഥചിത്രങ്ങളെ ചുമരിലേറ്റുന്നോരു
തൂണുകൾ,  പിന്നെയോ
നിഴലുകൾ തുള്ളുന്ന വഴിയിലായ്
വാക്കിനെ കുരുതിയ്ക്കു വയ്ക്കും
വിളക്കുമാടങ്ങളിൽ
തിരികൾ താഴ്ത്തി ശിരോലിഹിതം
മറയ്ക്കുന്ന മുകിലുകൾക്കുള്ളിലെൻ
മൊഴിയുമുണ്ടാവില്ല
വഴിയിതുതന്നെ നിരന്നുനിൽക്കും
വാകശിഖരങ്ങളെല്ലാമിലപൊഴിയ്ക്കുന്നൊരീ
മറയും ഋതുക്കൾ തന്നാദ്യക്ഷരങ്ങളിൽ
മലകൾ മറഞ്ഞുപോയ്
പിന്നെയോ കാലത്തിനുലയും രഥങ്ങളും
മാഞ്ഞുപോയെങ്കിലും
വിരലിൽ നിന്നും മാഞ്ഞുപോയതുമില്ലെന്റെ
ഹൃദയത്തിനുള്ളിലെയാദ്യകാവ്യാക്ഷരം
അതിനുള്ളിലെത്രയോ മുറിവുകൾ,
മുറിവിനെയിരുളിലും മായ്ക്കാത്ത
തർജിമതുണ്ടുകൾ..
പലതും പറഞ്ഞുതീർന്നില്ലെങ്കിലും
മഴക്കുളിരിൽ  തളിർക്കുന്ന
പാരിജാതങ്ങളെ ഹൃദയത്തിലേറ്റിയാ
ചക്രവാളത്തിന്റെയരികിൽ സൂക്ഷിക്കാം..

No comments:

Post a Comment