Saturday, November 5, 2011

സ്മൃതി


മൊഴിയിലിന്നും മഴതുള്ളികൾ
തൂവുന്ന കുളിരും, പറന്നുനീങ്ങുന്നൊരാ
മേഘങ്ങളെഴുതും ദിനാന്ത്യക്കുറിപ്പും
പകൽചിന്തിലെഴുതിയിട്ടോരു
പ്രകാശഭാവങ്ങളും
മറയുന്നതേതുയുഗം, പിന്നെയിവിടെയോ
നിഴൽ പൂത്തു മങ്ങിയോരാദിസത്യങ്ങളും
എഴുതിമായ്ച്ചെങ്കിലുമീശരത്ക്കാലത്തിനരികിലോ
വീണ്ടും മഴതുള്ളികൾ, കനൽച്ചിറകൾ
പണ്ടേ തണുത്തുറഞ്ഞരികിലായൊഴുകുന്നു
ഭൂതകാലത്തിന്റെയേടുകൾ
അതിരുകൾ കല്ലടുക്കാൽതിരിച്ചെങ്കിലും
മതിലുകൾ മുൾപ്പടർപ്പാൽ മറച്ചെങ്കിലും
അരികിലെ ജാലകപ്പഴുതുകൾക്കുള്ളിലായ്
ഒളിപാർത്തിരിക്കുന്നു കാലവും
പിന്നെയീ കടലൂയലാട്ടുമെൻ
ശംഖുകൾക്കുള്ളിലോ
കദനങ്ങളെല്ലാം മറന്ന കാവ്യങ്ങളും
വഴിയിലായ് മായുന്നതേതു മൺചെപ്പുകൾ
മിഴിയിൽ നിറഞ്ഞതിന്നേതുതു സർഗം..
വഴിയിറങ്ങി തണൽപ്പാടവും താണ്ടി
ഞാനൊരുപാടുദൂരം നടന്നുവെന്നാകിലും
ഇവിടെയീ ഗ്രാമമെൻ മിഴിയിലേറ്റും
മഴക്കുളിരിനിന്നെന്തുഭംഗി...

No comments:

Post a Comment