Sunday, November 13, 2011

സ്മൃതി

ഇടവഴിയ്ക്കപ്പുറം വർണങ്ങൾ മാറുന്ന
കടലാസുതുണ്ടുകൾ പാറുന്നു, മാറാത്ത
പ്രകൃതിയെ നോക്കൂ; പ്രിയങ്കരമാമെന്റെ
ഹരിതവർണത്താൽതുടുക്കുന്നഭൂമിയെ
അരികിലോപുഴചരിഞ്ഞൊഴുകുന്നു
തോരാത്ത മഴയിലോ കടലും ചലിക്കുന്നു
നിറമറ്റ തൊടിയിലെ കരിയിലക്കൂട്ടങ്ങളിൽ
നിന്നുമകലേയ്ക്ക് നിങ്ങുന്നു ഹൃദയകാവ്യങ്ങളും
തിരികൾ വച്ചേതോ മഹാദീപസ്തംഭങ്ങളെഴുതുന്നു
മത്സരത്തിരിവുകൾ, തിരയേറി മുകിലുകൾ
വന്നു, പഴേ മുനമ്പിൻ സൗമ്യവഴിയിലോ
കടലുകൾ ശാന്തമായൊഴുകുന്നു..
ഇടയിലേ ലോകം കുറിയ്ക്കുന്ന വർണങ്ങളൊഴുകി 
മായുന്നീ മഹാസമുദ്രചെപ്പിലരികിലോ
ചക്രവാളത്തിന്റെ സന്ധ്യകൾ
കരുതിവയ്ക്കുന്നു പ്രകാശരേണുക്കളും
മറവിയിൽ മായുന്നതേതു കാലം? സമയ
രഥമതിൽ വീണതിന്നേതുകാലം?
സൂര്യഗതിയിലായ് മാഞ്ഞതിന്നേതുകാലം?
അറിയാതെയറിയാതെയാത്മബിന്ദുക്കളിൽ
നിറയുന്നതൊന്നുമാത്രം മഞ്ഞുതുള്ളിപോൽ
ഹൃദയം രചിക്കുന്ന സർഗകാവ്യം..
സ്മൃതിയതിൽ നിന്നും പുനർജനിക്കും
മൊഴിക്കവിതയിന്നെന്റെ സ്വന്തം
പലതും പഥങ്ങളിൽ നിന്നുമകന്നോരു
പകലിനും സ്വന്തമതേമൊഴി
വാഴ്വിന്റെയുദയങ്ങളിൽ 
തെളിയുമീമൺചിരാതുകൾ....

No comments:

Post a Comment