മൊഴി
നടന്നുനീങ്ങട്ടെ കുലം
കിരീടങ്ങളതും ചൂടി
സിംഹാസനങ്ങളിലേറി,
നടന്നുനീങ്ങട്ടെ ഋതുക്കളുമെന്റെ
വരമൊഴിയിലെസ്വരങ്ങളും
സർഗമുറങ്ങുമെൻ ഹൃത്തിൻ
മൃദുകാവ്യങ്ങളും
പലതും കണ്ടിന്നീപടിപ്പുരകളും
ചിരിക്കുന്നുണ്ടാവാം കുലങ്ങൾതൻ
കുരുക്കഴിക്കാനാവാതെ മരിച്ച കാലത്തിൻ
നെടുമ്പുരകൾക്കുമരികിലായ്
ഭൂമിയെഴുതും നേരമോയതുസഹിയാതെ
മുറങ്ങളിൽ കല്ലു നിറച്ചുതൂവുന്ന
തിരകളിൽ നിന്നുമൊഴുകിമാറിയ
കടൽശംഖിനുള്ളിൽ തിരയറിയാതെ
ഒളിച്ചുസൂക്ഷിച്ച മനസ്സേനീയെന്റെ
ശരത്ക്കാലത്തിന്റെ നുറുങ്ങുകൾക്കുള്ളിൽ
ഉറങ്ങിയാലുമീമരിച്ച കാലവും
എഴുതിതീർക്കുന്നതതുതന്നെ
പണ്ടേയഴുതിമായ്ക്കേണ്ടതതും തന്നെ
പക്ഷെയറിയാതെയെന്റ് വിരലിലായ്
വന്നുവിളക്കുവയ്ക്കുമീ പ്രഭാതരാഗങ്ങൾ
എനിയ്ക്കായി നടപ്പുരയിൽ വച്ചോരു
കവിതതൻ കുഞ്ഞുതളിരുകൾ,
കാലം കരിച്ചൊരാ ഹോമപ്പുരയിൽ
നിന്നൊരു മഴക്കാലത്തിന്റെ മിഴിനീരിൽ
നിന്നുമുണരുമെൻ ഭൂവിൻ
ചലനതാളങ്ങൾ
ഇവയ്ക്കിടയിലെ കടലേ
നീമാത്രമൊഴുകുകയെന്റെ മിഴിയിലും
പിന്നെ ഹൃദയം സ്പന്ദിക്കും
മൊഴിയിലുമൊന്നായ്...
No comments:
Post a Comment