Thursday, November 3, 2011


സ്മൃതി
അകലെയായ് 
ഘനശ്യാമമേഘങ്ങൾ
മിന്നലിന്നകലങ്ങളെ 
ദർപ്പണങ്ങളിൽ മായ്ക്കുന്നു
മുറിവിലെ രുധിരപ്പടർപ്പിലായ്
മായാത്തൊരരുവികൾ
നീറുന്നു, മഴയെവിടെ?
പിന്നെയാ കുടിലുകൾ
തീച്ചിതയ്ക്കുള്ളിലേയ്ക്കേറ്റിയോർ
കൊടിയുമായ് മുന്നിലായ്
നീങ്ങുന്നു, വിപ്ലവക്കവിതയോ
വേരറ്റുവീഴുന്നു നിശ്ചലം..
സ്മൃതിയതോ വീണ്ടും
ലയം മറന്നരികിലായ് തകരുന്നു
ചില്ലുപാത്രങ്ങളിൽ, ചുറ്റിലും
നിരതെറ്റിയോടും നിഴൽപ്പാടിലോ
മരക്കുരിശേറ്റി നീങ്ങും
മഹാദിവ്യഭാവങ്ങളഭിനയക്കും
വേദിയെത്ര മനോഹരം..
എവിടെയോ വേദപാത്രങ്ങളിൽ
സംഗീതമൊഴുകുന്നുവെങ്കിലും
മനസ്സോ പ്രക്ഷുബ്ദം..
കടൽചിപ്പികൾക്കുള്ളിലൊഴുകുന്ന
കടലും നിശബ്ദമല്ലിവിടെയും...
പലവട്ടവും പള്ളിശംഖുകൾക്കുള്ളിലെ
പ്രണവം ജപിയ്ക്കാനൊരുങ്ങിയ
ഭൂവിന്റെ ഹൃദയം മുറിച്ചാർത്തു
നീങ്ങിയോരാത്തിരക്കുരുതിയോ
തീരങ്ങൾ കണ്ടതും, പിന്നെയോ
തിരയേറ്റമെല്ലാമൊതുങ്ങിയോരാ
കടൽ നിധികളെ തന്നമുനമ്പും
സമാധിയിലുണർവിന്റെയാദിമന്ത്രങ്ങളെ
ചേർത്തുവച്ചെഴുതിയോരാശിലാജപ
ധ്യാനഭംഗിയും
അരികിലിന്നീ ശരത്ക്കാലവും
ദൈന്യത്തിനിരുളിനെ മായ്ച്ച
പകലിൻ പ്രകാശവും
എഴുതിയിന്നീമരത്തണലും
തളർന്നുപോയ്
എഴുതിത്തുടച്ച വെൺചുമരും
തളർന്നുപോയ്..
എങ്കിലും മനസ്സിന്റെയാഴക്കടലേറി
മുന്നിലേയ്ക്കെത്തുന്നു 
വീണ്ടും പ്രഭാതങ്ങൾ...

No comments:

Post a Comment