Thursday, November 10, 2011


മൊഴി
അകലെയോ പകലിന്റെ വിളക്ക്
താഴുന്നേരമുറങ്ങുന്നുവോ കടലെന്റെയീ
മനസ്സിലും..
ഒരിയ്ക്കെലെന്നോ കടൽത്തീരത്തിലൊരു
ശംഖിലെടുത്ത ജലത്തിലെ
മൺതരിയ്ക്കുള്ളിൽനിന്നുമൊഴുകിമാഞ്ഞു
പലേ യുഗ പ്രാഭവങ്ങളുമതിനുള്ളിലോ
കാണാനായില്ല സത്യങ്ങളും...
മറവിക്കുള്ളിൽ തുരുമ്പടിക്കും
മൗനത്തിന്റെയുടുക്കിൽ നിന്നോ
താണ്ഡവത്തിന്റെ സംഹാരങ്ങൾ..
ഇടയ്ക്ക പാടുന്നതെൻഹൃദയധമിനിയി,
ലുറക്കുന്നതെന്നെയെൻ
പൂർവപുണ്യത്തിൻ മന്ത്രം..
ഇടയ്ക്കുവഴിതടഞ്ഞറവാതിലിൻ
ശൂലക്കൊളുത്തുവലിയ്ക്കുന്ന
രാജഗർവങ്ങൾ 
പണ്ടേയുടഞ്ഞുവീണതേതു
ചിലമ്പിൻ ചിലമ്പൊലി?
കടുംകെട്ടുകൾക്കുള്ളിലാക്കിയ
മൊഴിതുമ്പിലുടക്കിന്നില്ലീലോകഗതികൾ;
പണ്ടേനിലവറകൾ തഴുതിട്ടു 
തങ്കനൂലുകൾക്കുള്ളിലൊളിച്ച സർഗങ്ങളെൻ
ഹൃദയം കൈയേറുന്നു
അതിൽ നിന്നുണരുന്ന സ്പന്ദനലയമിന്നെൻ
മൊഴിയിൽ തുടുക്കുന്നു വിരലിൽലയിക്കുന്നു..
പഴം പാട്ടുകൾ പാടി പാണന്മാർ നീങ്ങും
പഴേ വഴിയിൽ ശരത്ക്കാലമെനിക്കായുണരുന്നു..
നടന്നുനീങ്ങും നേരം സന്ധ്യതൻ
മിഴിതുമ്പിലുറഞ്ഞതൊരു വാനതാരകം
പണ്ടേയെന്റെ മിഴിയിൽ നിറഞ്ഞതുമാർദ്രനക്ഷത്രം
നീണ്ട വഴിയിൽ വിളക്കേന്തി
നിന്നതെൻ മൺദീപങ്ങൾ...

No comments:

Post a Comment