Sunday, November 13, 2011

മൊഴി
ചരിത്രം പുകയ്ക്കുന്നതേതുസന്ധ്യയെ
എന്റെ ഹൃദയം കൈയേറ്റിയതേതുഭൂമിയെ
രാത്രിയൊടുക്കുന്നതേതു പകലിൻ വെളിച്ചത്തെ
പുറമേ കാണാനെന്തുഭംഗിയാണീലോകത്തിൻ
പുറം ചട്ടകൾ പൊതിഞ്ഞെടുക്കും കുലങ്ങളെ
ഒഴുകും സമുദ്രത്തിലുറങ്ങും 
രത്നചെപ്പിലെടുക്കാനെനിക്കൊരു
സർഗവും മറക്കാതെയൊഴുക്കിൽ
നീന്തുന്നൊരു ശംഖിന്റെ സംഗീതവും...
അറിവിനുറവകൾ 
വറ്റിയാത്തണൽതോപ്പിലുണങ്ങും
പുഴയുടെ കയവും മാഞ്ഞീടുന്ന
തുടക്കങ്ങളിൽനിന്നുനിന്നുമെഴുതും
മണൽതുണ്ടിലൊടുക്കം 
കാണാതായതേതു പൂനിലാവതിൻ
ചില്ലയുലച്ചു നടന്നതോ 
കൃഷ്ണപക്ഷങ്ങൾ;
നീണ്ടവഴിയ്ക്കപ്പുറം 
പഴേ ഋണങ്ങൾ നിവേദിച്ച
മഷിപ്പാടുകൾ പടയൊരുക്കും
പ്രഭാതങ്ങളിനിയും 
കണ്ടേയ്ക്കാമെന്നാകിലും
മനസ്സിന്റെ മണിവീണയിൽ
തൊടും നേരമെൻ 
വിരൽതുമ്പിലൊഴുകുന്നതു
വീണ്ടുമൊരു കാവ്യത്തിൻ സർഗം..
ചിരിയ്ക്കാനാവുന്നില്ലയെങ്കിലും
പ്രപഞ്ചമേയെടുത്തുവയ്ക്കൂ
പൊൻ താലത്തിലായൊരു സ്വരം
എഴുതും നേരം ശ്രുതിയിടുന്ന 
സമുദ്രമേയെനിക്കു സൂക്ഷിക്കാനായ്
ശംഖുകൾ തന്നീടുക....

No comments:

Post a Comment