Saturday, November 5, 2011

സ്മൃതിവിസ്മൃതികൾ
എന്നേ നിറം മങ്ങി വർത്തമാനത്തിന്റെ
കണ്ണികൾ; കണ്ണാലൊതുക്കാനുമാവാതെ
മുന്നിൽ വളർന്നുയർന്നീടും 
മതിൽപ്പാടിലൊന്നിലും കാണുന്നുമില്ല
നേർ രേഖകൾ..
എല്ലാം ശിരോപടത്തിന്നുള്ളിൽ മിന്നുന്ന
കല്ലുകൾ, കാൽക്കാശിനെണ്ണം പഠിക്കുന്ന
കർണ്ണികാരത്തിന്റെ ശാഖകൾ, മുന്നിലെ
മണ്ണിൽ പതിക്കുന്നതേതു നീർത്തുള്ളികൾ?
ഇന്നിനൊരിന്നലെയന്നെപോൽ
പിന്നാലെയൊന്നായ് നിരക്കും
നിഴൽതുമ്പിലായ് വീണു മണ്ണടിഞ്ഞോരു
വസന്തമേ! കോകിലമിന്നേതു ചില്ലയിൽ
പാടാനിരിക്കുന്നു..


പാടങ്ങളെല്ലാം നികന്നു 
പഴേ ഗ്രാമവീഥികൾ മാറി, കുലം മാറി
മുന്നിലെ പാഠാലയങ്ങളിൽ മന്ത്രങ്ങളും മാറി,
കായലിൽ തോണിയേറ്റിപണ്ടു
പാടിയോരളങ്ങൾ മാറി
മുഖം മാറിയാകാശവീഥികൾ-
ക്കുള്ളിലുപഗ്രഹങ്ങൾ മാറി
മാറാതെ മാറാലചുറ്റിക്കിടന്ന
മൺ ദീപങ്ങളിൽ പ്രകാശത്തിന്നലുക്കുകൾ
മാറാതെനിന്ന പ്രപഞ്ചത്തിലെ
ഹൃദ്യരാഗങ്ങളിൽ ജീവസ്പന്ദനചിറ്റുകൾ
ഏറിയാലിന്നീ യുഗത്തിന്റെ ജാലകവാതിൽക്കലോ 
കണ്ടതുത്ഭവചിന്തുകൾ
ഏറിയാലിന്നീ മഴക്കാടുകൾക്കുള്ളിലോർമ്മകൾ
പോലും നിശബ്ദമായ് മാഞ്ഞേയ്ക്കാം
എത്ര നിറം മങ്ങി പാതകളെങ്കിലും
എത്രമനോഹരമീ മഴതുള്ളികൾ...

No comments:

Post a Comment