Tuesday, November 15, 2011


മൊഴി
അകലെയല്ലിന്നെൻ മൊഴിക്കൂടുകൾ,
സാന്ധ്യമിഴിയിലെ നക്ഷത്രവർണങ്ങളും.
അരയാൽത്തറയ്ക്കരികിലുത്സവം
പിന്നെയാ കുളിരും തുലാഗ്രാമഭംഗിയും
വഴിയിലായ് കനലുതൂവുന്ന 
ശരത്ക്കാലഭംഗിയും


എഴുതിമായ്ച്ചെങ്കിലും കടലുകൾ പാടുന്നു
ഇടയിലെ ലോകം തുലാമഴയും 
കടന്നൊഴുകുന്നു ശീതമാത്സര്യങ്ങളിൽ
പണ്ടേയൊഴുകിയെങ്ങോ മാഞ്ഞ നിളയും
പഴേകാലമെഴുതിമടുത്ത ദിനാന്ത്യങ്ങളും
പിന്നെയൊരു മൃദംഗത്തിലായതിദ്രുതം 
തേടിയെന്നരികിലായൊഴുകുന്ന
ശ്യാമമേഘങ്ങളും.


തിരകളേറി തീരമണലും ചലിക്കുന്നു
തിരയേറ്റമില്ലാ മനസ്സതോ നിശ്ചലം
സ്മൃതിയതിൽ നിന്നുമാ കാലപ്രമാണങ്ങൾ
ഇവിടെ സ്വരങ്ങളെ  ലയമാക്കി മാറ്റുന്നു
പുകയുന്നതെല്ലാമുലത്തീയിലെന്റെയീ
വിരലിലോ ചന്ദനത്തിന്റെ സുഗന്ധമീ
വഴിയിൽ ശരത്ക്കാലമെന്റെയീഭൂമിതൻ
നിറുകയിൽ തൂവുന്നു സ്വർണതുടുപ്പുകൾ
അരികിലെൻ മൊഴിയിലെ മൺദീപമതിൽ
നിന്നുമൊഴുകുന്നു വീണ്ടും പ്രകാശമെൻ
ഹൃദയത്തിലുറയുന്നതേതു ശൈത്യം?



No comments:

Post a Comment