മൊഴി
ഇടവഴിയ്ക്കപ്പുറം തിരിയുന്ന ഗ്രാമമേ
ഇവിയോ സ്തൂപങ്ങളൊന്നായ്
തകർന്നതും,
മിഴിയിൽ തിളങ്ങും ത്രിസന്ധ്യതന്നരികിലായ്
ഇടവേളകൾ കത്തിനിന്നതും
ഭൂമിതന്നരികിൽ മഹാശൈലമൊന്നായുലഞ്ഞതും
അഴിമുഖം കണ്ടാദിദൈന്യങ്ങളിൽ,
തീരമണലിൽ സമുദ്രവും താണ്ഡവം ചെയ്തതും
മറുകുറിയ്ക്കപ്പുറം സർഗങ്ങൾ തേടിയെൻ
മനസ്സും മഹായാത്രചെയ്തതും പിന്നെയാ
മഴയിൽ മഹാനേദ്യമെന്നപോൽ
ശീവേലിവഴികളിൽ തീർഥക്കുടങ്ങൾ
നിറഞ്ഞതും
പലതും പറഞ്ഞൊരാ സ്വർഗകവാടത്തിനരികിൽ
നിന്നും മൊഴിചെപ്പ് നിറഞ്ഞതും
വഴിയിൽ കുലം കൊടിതോരണമേറ്റിയാ
പകലിനെ ചുറ്റി നടന്നങ്ങുപോയതും
ഇടവഴിയ്ക്കപ്പുറം തിരിയുന്ന ഗ്രാമമേ!
ഇവിടെയോ നീയെന്റെ ശംഖും സൂക്ഷിച്ചതും
ഇവിടെയോ നീ ശരത്ക്കാലം നിറച്ചതും
മൊഴിയിലെ പ്രാർഥനാഗീതങ്ങളിൽ
വീണുനിറയും പ്രഭാതമേ നിന്റെ
കുലീനമാം ഹൃദയത്തിലിന്നെത്ര
കാവ്യസല്ലാപങ്ങൾ,
മൊഴിയിലിന്നെത്ര ശരത്ക്കാലഗീതങ്ങൾ..
No comments:
Post a Comment