Sunday, November 6, 2011

മൊഴി
ഇവിടെ സായാഹ്നം മഴക്കുളിരിൽ
തളിർത്തുണരുന്നു 
മരതകപ്പട്ടിനെ ചുറ്റിയെന്നരികിലോ
ഭൂമിയും കാവ്യം രചിക്കുന്നു..
നെടിയതെല്ലെങ്കിലും
കൽത്തൂണുകൾ ചാരിയരികിലീ
സായാഹ്നമെത്രമനോഹരം!!
പഴയതാണെങ്കിലുമെൻ 
സ്മൃതി ചെപ്പിലേയ്ക്കൊഴുകും
കടൽശംഖിലെത്രസ്വരങ്ങളീ
മണലിൽ വിരൽതൊട്ടുനിൽക്കുമെൻ
ഹൃദ് ലയതുടിയിൽ തലോടുമീ
മൊഴിയിൽ നിന്നും പഴേകഥകളെ
മായിച്ച വർത്തമാനത്തിന്റെ
തളികയിലിന്നോ മഷിപ്പാടുകൾ മാത്രം..
ഇവിടെയെൻ വാതിലിൻ 
പാളികൾക്കരികിലായൊഴുകുന്ന
സന്ദേശരൗദ്രഭാവങ്ങളിൽ
അറിവിന്റെയാദിപാഠങ്ങൾ 
ഗ്രഹിക്കാതെയലയും കുലത്തിൻ
പ്രതിച്ഛായ കണ്ടെന്റെ ഹൃദയം
നടുങ്ങുന്നുവോ? മഴതുള്ളിയിലൊഴുകി
ഞാൻ മായാത്തതെന്തുകൊണ്ടോ?


ഇടവഴിയ്ക്കിടയിലായിരുൾ മാത്ര,മരികിലെ
വഴിവിളക്കാരോ കെടുത്തീ
നടപ്പാതയരികിലോ കൃഷ്ണപക്ഷങ്ങളും
ചേക്കേറിയിവിടെയെൻ
ഭൂരാഗമാല്യങ്ങളിൽ നിന്നുമറിയാതെ
വീണുമാഞ്ഞീടുന്നു പൂക്കളും...
നെടുകയും കുറുകെയും തുന്നിയാകാശത്തിനിടയിലെ
തുള്ളിവെളിച്ചവും മായ്ക്കുന്ന ഗതിയതിൽ
തുള്ളിതിമിർക്കും ഗ്രഹങ്ങളിൽ പിഴവുകൾമാത്രമോ?
കണ്ടുകണ്ടീതീരമണലിനും മൗനമീ
മൺ ചിറ്റുകൾ ചേർന്ന മതിലും കടന്നു
മുനമ്പിനെ ചുറ്റുന്ന  കടലുമിന്നെത്രയോ
മാറിയെന്നാകിലും
അരികിലിന്നീവിരൽതുമ്പിൽ തുടിക്കുന്ന
കവിതയ്ക്കുമാത്രമൊരേസ്വരം
ശംഖിലായൊഴുകുന്നതോയെന്റെ
ഹൃദലയസ്പന്ദനം.....




No comments:

Post a Comment