Tuesday, November 1, 2011


പകൽ..
ചുമരിലെന്നേ ഘടികാരങ്ങൾ 
നിശ്ചലം; നിഴലുകൾ മാഞ്ഞു
തടാകങ്ങൾ മൂടിയാചരിവിലായുയരുന്നു
കൽശിലാമന്ദിരം...
പകുതിയും പണിതിട്ട സ്മാരകക്കല്ലിലായ്
നിരതെറ്റിയോടും  നിമിഷങ്ങൾ
പിന്നെയാ മലയേറി മുകിലുകൾ
മായും ദിഗന്തിനിടയിൽ നിന്നൊഴുകും
തമോഗർത്തവീചികൾ
പലവട്ടമീശരത്ക്കനലിലായ്
തീയിട്ട പകലുകൾ 
ചുറ്റിയോരാകാശഭംഗിയിൽ
പുലർകാലമൊരുമൺവിളക്കിനെ
ചേർത്തുവച്ചരികിലിന്നും
മൊഴിപ്പൂവുകൾ തേടുന്നു..
വിരലതോ വിസ്മയചിന്തുകൾ
തേടിയെൻ ഹൃദയത്തിനുള്ളിലെ
സ്പന്ദനം വാങ്ങുന്നു
ഇടവേളകൾ ചെറുതീമണൽ
തീരങ്ങളെഴുതുന്നു കടലിന്റെ
കവിതകൾ, ദൂരെയാ തണലുകൾ
മാഞ്ഞ തുരുത്തിലേയ്ക്കോ
കടൽച്ചിറകിലെൻ പകലും
പറന്നുനീങ്ങീടുന്നു....

No comments:

Post a Comment