Monday, November 14, 2011

മൊഴി

ആർദ്രമാം സന്ധ്യയിലാലാപനത്തിന്റെയീരടി
തേടിയോ ഞാനന്നുണർന്നതും
എഴുതുവാനന്നായിരുന്നുവോ
ഭൂമിയെന്നരികിലിരുന്നക്ഷരങ്ങളെ തന്നതും 
വിരലിലെമുദ്രകൾക്കുള്ളിലായ് 
സർഗങ്ങളെഴുതിയെൻ ഹൃദ്സ്പന്ദങ്ങളായ്
തീർത്തതുമറിയാതെയോരോ സ്വരത്തിന്നരികിലും 
അനുബന്ധമേകി ഋതുക്കളെ തന്നതും
ഇടവിട്ട കാലങ്ങളൊരുരഥത്തിൽ
നിഴൽശിഖരങ്ങളെല്ലാമൊതുക്കിനടന്നതും
അരികിലെന്നിയുരിലുയിർക്കൊണ്ട മൊഴിയുമാ
മൊഴിയിൽ നിറഞ്ഞ ശരത്ക്കാലഭംഗിയും
ഇടയിലെൻ സ്വപ്നങ്ങളിൽ മുകിൽച്ചിന്തുകൾ
എഴുതിയിട്ടോരു മുൻ ജന്മദു:ഖങ്ങളും 
ഇവിടെ ഞാൻ ചക്രവാളത്തിനെ 
സാക്ഷിവച്ചെഴുതിയോരെൻ മഴക്കാലഗീതങ്ങളും
പറയുവാനഴിമുഖങ്ങൾ തീർത്ത 
ദ്വീപുകൾക്കരികിലാൾക്കൂട്ടം;
മഹാസാഗരത്തിന്റെയിടയിലായ്
ഞാനുമുണർന്നെങ്ങെണീറ്റതുമരികിലായ്
പകൽ; സന്ധ്യതൻ മണ്ഡപത്തിലായ്
മണിദീപമെല്ലാം മിനുക്കിതുടച്ചതും
ഇവിടെയോ തൂലികപ്പാടുകൾ മൊഴിതേടി
നിഴലെയ്തുനിൽക്കുമീസായാഹ്നവേളയിൽ
അഴിമുഖങ്ങൾ കടന്നൊരുതോണിയിൽ
ഞാനുമൊഴുകുന്നു; ശംഖുകൾ കടലിന്റെ
നാദത്തെയൊരു മുത്തുമണിയതിൽ
ഭദ്രമായ് വയ്ക്കുന്നു...

No comments:

Post a Comment