Thursday, June 24, 2010

എവിടെയോ ഒരു പ്രവാചകൻ
എഴുതി നീട്ടിയ
വിവേകത്തിന്റെ വചനങ്ങൾ
പതാകയിലെ നിറങ്ങൾ പോലെ
കാഴ്ചവസ്തുവായ് മാറിയ
ഒരു പ്രഭാതത്തിൽ
നെൽപ്പാടങ്ങളിലൂടെ നടന്ന്
നെയ്യാമ്പൽ വിരിയുന്ന
തീർഥക്കുളത്തിനരികിൽ
പഴയ താളിയോലകളിലുറങ്ങിയ
ജീവസ്പന്ദനം തേടി
ജപമണ്ഡപത്തിൽ
അഭിഷേകജലം ശിരസ്സിലേറ്റി
ഗ്രാമം സ്വർണ്ണക്കൊടിമരത്തിൽ
ദൈവവചനങ്ങളെഴുതിയ
പതാകയുയർത്തി
മഴ മേഘമാർഗത്തിലൂടെ
ഭൂമിയിലേയ്ക്കൊഴുകുമ്പോൾ
എല്ലാനിറങ്ങളും
ആ പതാകയിൽ ഒന്നായലിഞ്ഞു

No comments:

Post a Comment