Sunday, June 27, 2010

എനിയ്ക്കായ് തുടികൊട്ടിയുണർന്ന
പ്രഭാതമേ!
നിന്റെ വിളക്കിൽ
തെളിയുന്ന ജ്വാലയിൽ
പ്രദീപ്തമാം മനസ്സിൽ
ഞാനെൻപ്രിയസ്വപ്നങ്ങളെഴുതട്ടെ
ഉറങ്ങിക്കിടക്കുന്നവാനിലെ
നക്ഷത്രങ്ങൾ മിഴിയിലൊളിപ്പിക്കും
ദീപങ്ങളെല്ലാംചേർന്നെൻ
ഹൃദയം ദീപാവലിവിളക്കായ്
തെളിയുമ്പോൾ
  അരികിൽ വന്നു മാമ്പൂമണക്കും
 കാറ്റിൽ  തൊട്ടു നടന്ന ബാല്യം
  ചെമ്മൺപാതയും കടന്നാറ്റുവക്കിലെ
 പുൽനാമ്പിന്റെ     നനുത്തകുളിരുമായ്
പർവതശിഖരത്തിനരികിൽ
നിന്നും മഴവില്ലുകൾ പൂക്കും
വ്യാപ്തവ്യോമഗോപുരങ്ങളിൽ
ഉണരുംപ്രഭാതത്തിൻ
ദീപങ്ങൾ കൈയിലേറ്റി
വരുമ്പോൾ
കടലുണർത്തും
സപ്തസ്വരത്തിൽ,
ഓംങ്കാരത്തിലുണരാൻ 
നക്ഷത്രമിഴിയിലെ
സ്വപ്നമായ് വിടരുവാൻ
എനിയ്ക്കായ് തുടികൊട്ടിയുണർന്ന
പ്രഭാതമേ!
നിനക്കായ് ഞാനിന്നൊരു
വിളക്ക് തെളിക്കട്ടെ

No comments:

Post a Comment