Wednesday, June 23, 2010

പാതിരാപ്പൂ ചൂടാൻ മറന്ന ധനുവും
മഞ്ഞുമലയിലുറഞ്ഞ മകരവും കടന്ന്
മീനവെയിൽ കത്തിയാളിയപ്പോൾ
ഭൂമി  സ്വകാര്യമായ് കാതിൽ പറഞ്ഞു
അരങ്ങിൽ യവനികനീക്കി
ഋതുക്കൾ വരും പോകും
പുൽനാമ്പുകളിലെ കണ്ണുനീർത്തുള്ളികൾ
മുത്തുകൾ പോലെ ഒരു ശംഖിലാക്കി
സമുദ്രത്തിലൊഴുക്കി
കാലവും കടന്നുപോകും.
സായന്തനസൗമ്യതയിൽനിന്നും
നിശബ്ദരാത്രിയിലേയ്ക്കും
പിന്നെ ഉഷസ്സിന്റെ ഉണർവിലേയ്ക്കും
ഭൂമി എത്ര കാതം നടന്നിരിക്കുന്നു
വൈശാഖമഴയിലുണർവുൾക്കൊണ്ട്
വസന്തമുണരുമ്പോൾ
ചക്രവാളത്തിനരികിൽ
കടൽ ശ്രീരാഗത്തിന്റെ
ആദ്യശ്രുതിയിലൊഴുകി.

No comments:

Post a Comment