Wednesday, December 29, 2010

സമുദ്രത്തിലൊഴുകിയത്

നിമിഷങ്ങളിലടർന്നുവീണതൊരു
പൂവിന്റെ ദലം
കിരീടത്തിൽ നിന്നടർന്നുവീണതൊരു
മുഖം
നിറഞ്ഞൊഴുകിയതൊരു കടൽ
നിശ്ചലമാവാതെ നിന്നത് ഭൂമി
ഇടറിയ വഴിയിൽ
കവടി ശംഖിലൊഴുകിയതൊരു പുഴ
കാലം തുറന്നിട്ടത് സത്യം
ഋതുക്കൾ നീട്ടിയത് നിറങ്ങൾ
വിരലിലുണർന്നത് വാക്ക്
ഹൃദയം കണ്ടതറകൾ
എഴുതിയൊടുക്കിയത് പ്രണയം
എഴുതാതിരുന്നത് കവിത
മുഖം മിനുക്കിവന്നത് ചായം
മുഖങ്ങളെയോർമ്മിച്ചത് ജനം
മേഘമിഴിയിലൊഴുകിയത് മഴ
മാഞ്ഞുപോയത് മഴവില്ല്
ശിശിരം തന്നത് മഞ്ഞ്
മഞ്ഞുരുക്കിയത് മനസ്സ്
മനസ്സിലൊഴുകിയത് സമുദ്രം
സമുദ്രത്തിലൊഴുകിയതാലില
ആലിലയിൽ കണ്ടതനന്തശയനം
അതിനപ്പുറമൊന്നുമുണ്ടായിരുന്നില്ല....

No comments:

Post a Comment