Wednesday, February 2, 2011

അരങ്ങുകൾക്കരികിൽ

അരങ്ങുകൾക്കരികിൽ
പുല്പ്പായയിട്ടിരുന്നൊരു
കഥകളിരാവിന്റെ
തിരശ്ശീലയ്ക്കരികിൽ
കൃഷ്ണപക്ഷനിലാവെഴുതിയിടുന്നു
തുണ്ടുകടലാസിലൊരു
സംഖ്യാമന്ത്രം
ഇമയനക്കും നേരത്തിലുലയുന്ന
പ്രശ്നോത്തരികൾ
ശിശിരത്തിന്റെ നനുത്ത
തൂവൽച്ചിറകനക്കത്തിലൊരു
നിമിഷസ്പന്ദനത്തിൽ
തുടച്ചുമാറ്റാനാവുന്നോരാപേക്ഷികതത്വം
കടുന്തുടിക്കടികിൽ
കൈലാസത്തിനരികിൽ
വിഭൂതിയിൽ മുങ്ങിയ ലോകമേ
താണ്ഡവുമൊരു നടനം
ഹേമന്തകാലസായാഹ്നത്തിൽ
ഭൂമി മൺവീണയുമായ്
മുന്നിൽ വന്നിരിക്കുന്നു
തന്ത്രികളിലുണരട്ടെ
വിരൽതുമ്പിലുരുമ്മിയ
ശിശിരകാലത്തിന്റെ ലയൈക്യം
ഓട്ടുവിളക്കിന്റെ പ്രകാശത്തിനരികിൽ
മഞ്ഞുതൂവുന്നോരമാവാസിരാവിൽ
സ്വരങ്ങളരികിൽ നൃത്തമാടട്ടെ....

No comments:

Post a Comment