Friday, April 6, 2012


മൊഴി


മൊഴിയിൽ നിന്നൊഴുകിയാകാശമേറും
താരമിഴിയിലെ സ്വപ്നമേ
സന്ധ്യതന്നുള്ളിലെ കവിതയെ
കൈതൊട്ടുണർത്തിയാലും
കാവ്യമൊഴുകും
കടൽശംഖിനുള്ളിൽ നിന്നും
കടൽത്തിരകളെയാറ്റിക്കുറുക്കിയാലും


പലവഴിക്കുള്ളിൽ ഋണം തീർത്തു 
നീങ്ങിയോരരുവിയും വറ്റീ,
മണൽത്തിട്ടിലായ്  കാലരഥവും
പതാകൾ താഴ്ത്തി, 
മഷിപ്പാടിലൊഴുകിനീങ്ങും
ലോകകുതുകവും മങ്ങി
നിഴൽപ്പാടിലുള്ളിലായ്   
പകലിന്റെ കാവ്യസങ്കല്പവും
വീണുടഞ്ഞതിനുള്ളിലായ് 
 മങ്ങിയാദിസത്യങ്ങളും..


അരികിൽ നിശ്ശബ്ദം ചലിക്കുന്നു
രാജ്യത്തിനതിരു കാക്കും  സൈന്യസേനകൾ
പിന്നെയോ മുറിവുകൾ തുന്നി പുതുക്കി
പഴേ ചിത്രമതിലിലായ്  തൂക്കി
തടം കൂട്ടിയിട്ടോരു നിഴലതിൽ
മായ്ച്ചോരു  
നിർണ്ണയക്കൂടിന്റെഴികളിൽ 
വിങ്ങുന്നു നിത്യയാഥാർഥ്യവും


വിരലിൽതുടക്കം, മടക്കം, 
പുനർ ജന്മകഥകളിലമൃതുതൂവും 
മഴതുള്ളികൾ..
റിയാതെയെന്നോ
മൊഴിതുമ്പിലേറ്റിയോരറിവിന്റെ
വാനമഹാപ്രസ്ഥകാവ്യവും
ഇവിടെയീ കൽ മണ്ഡപത്തിന്റെ
തൂണുകൾക്കരികിലിരുന്നുകാണും
കടൽത്തീരവും
കണിവയ്ക്കുവാൻ ചൈത്രമുകിലുകൾ
മായ്ക്കാത്തൊരുണർവിന്റയാകാശ
സങ്കല്പവും ചേർന്നു 
മിഴിയിലേക്കൊഴുകുന്നു വീണ്ടും
പ്രഭാതത്തിനഴിയാത്ത   പൂർവപ്രകാശം 
പകൽതുമ്പിലൊഴുകുന്നു 
വീണ്ടും പ്രപഞ്ചസ്വരങ്ങളും...







No comments:

Post a Comment