ഹൃദ്സ്പന്ദനങ്ങൾ
ആകാശമെഴുതിയോരനന്തകല്പങ്ങളിൽ
ആയിരം നക്ഷത്രങ്ങൾ തിളങ്ങി
പിന്നെ കൂട്ടിലിരുൾമാഞ്ഞൊരു
പുലർവേളയിൽ മനസ്സിന്റെയറയിൽ
നിറഞ്ഞതു നിത്യമാം സത്യങ്ങളും..
വരിയിട്ടെഴുതിയ ചിന്തകൾപോലും
തത്വഗതിയിൽ നിന്നും വേറിട്ടൊഴുകി, സ്വരങ്ങളിലുറങ്ങും ശ്രുതി തേടി
നടന്നു ഭൂപാളങ്ങൾ.
മഴക്കാലത്തിൽ തൊട്ടു നടന്നുകാണും
ലോകമിറുത്തു വയ്ക്കുന്നതോ
കാഴ്ച്ചശീവേലിപ്പൂക്കൾ
കറുകതുമ്പിൽ പുകയിറ്റിച്ചു പണ്ടേ
പുലർതുറുങ്കിൽ താക്കോൽകൂട്ടം
ബന്ധിച്ചു സ്വപ്നങ്ങളെ
ഹൃദയത്തിനും മറതീർത്തു
സൂക്ഷിക്കും പാതിവഴിയിൽ
നിഴൽക്കൂട്ടമെന്തിനായോടീടുന്നു?
അരികിൽ മിഴിക്കോണിലെത്തിനിൽക്കുന്നു
പണ്ടേയെഴുതി മുഷിഞ്ഞൊരു
താളിയോലകൾ, താഴ്ന്ന ശിഖരങ്ങളിൽ
തട്ടിയുടഞ്ഞ ഹൃദ്രേരഖകൾ..
അടർന്നുവീഴുന്നതിന്നാത്മദു:ഖങ്ങൾ
തളിരിലയിൽ തുളുമ്പുന്നതായിരം
സ്വരങ്ങളും..
എഴുതും ലോകം മഹാമിഥ്യയിൽ
നിന്നും വയമ്പെടുത്തു നീട്ടുന്നുവോ,
തേൻ തുള്ളിയിറ്റിക്കുന്നോ?
ശിരസ്സിലുലയുന്ന രേഖപോൽ
വിധിന്യായമെഴുതിതീരാത്തോരു
മഷിപ്പാത്രങ്ങൾക്കുള്ളിൽ
ചുരുങ്ങിക്കിടക്കുന്ന രാജ്യമേ
നിനക്കായൊരുക്കിവയ്ക്കട്ടെയീ
പവിഴമല്ലിപൂക്കൾ..
പവിത്രം വിരൽതുമ്പിൽ
തുടിക്കും നേരം വീണ്ടുമൊഴുക്കാം
പ്രകാശത്തിനഗ്നിരൂപങ്ങൾ;
വഴിമുടക്കും ഗ്രഹങ്ങൾ
തന്നാദിപർവത്തിൽ
നിന്നുമെഴുതിതുടങ്ങാമീ
പ്രപഞ്ചസങ്കീർത്തനം...
No comments:
Post a Comment