ഹൃദ്സപന്ദനങ്ങൾ
ഏതു ഭൂപടമിന്നീകടലാസ്സുതാളിലാകെ
ചുരുങ്ങും മഹാദ്വീപമേതു സത്യം
മറഞ്ഞുതീരാത്ത തീരഭൂവിൻ
മുനമ്പിൻ ഋണങ്ങൾ..
കാറ്റുലയുന്ന മാമ്പൂക്കൾ കണ്ട്
കോട്ടകൾ കടന്നീഗ്രാമഹൃത്തിൽ
നേർത്തുനേർത്തുണരുന്ന
പ്രഭാതഭാഷയും
മാറിയിന്നീതുരുത്തിൽ..
പർവതങ്ങൾവിലങ്ങിട്ടരാജ്യ
നിർണ്ണയമഗ്നി പത്രങ്ങൾതന്നെ
ദീപമെല്ലാം കരിപ്പുകയ്ക്കുള്ളിൽ
തീരമെല്ലാം തണുത്തുതീരുന്നു
മൗനയന്ത്രഗ്രഹങ്ങൾ തിരിച്ചതൊന്നു
മാത്രം; ശിരോപടം ചേർത്തു
തുന്നിവച്ചൊരു മേൽക്കോയ്മ
പിന്നെയൊന്നിടവിട്ടുമാഞ്ഞുതീരുന്ന
പിഞ്ഞിയാകെ മുഷിഞ്ഞ വിധിയും...
ആറ്റിറമ്പുകൾക്കപ്പുറം
ഭൂമിയാകെയൊന്നായുലഞ്ഞുവെന്നാലും
കോട്ടകൾക്കുള്ളിലാരൂഢമിന്നും
കോർത്തിണക്കുന്നതെത്ര സ്വരങ്ങൾ
ചക്രവാളം സമുദ്രത്തിനുള്ളിൽ
മുത്തുകൾ തൂവിനിൽക്കുന്ന
സന്ധ്യാഭിത്തികൾക്കേതു സങ്കടം
പിന്നെയിത്രദൂരം നടന്ന മനസ്സിൻ
ചിത്രമേറ്റുന്നൊരീജപക്കൂട്ടിൽ
കാലമെത്ര കടഞ്ഞു സമുദ്രം
ക്ഷീരസാഗരമാകെയുലഞ്ഞു
അത്ര നേർത്തുപോയാരോഹണങ്ങൾ
അത്രനേർത്തുപോയ് സർഗങ്ങളെല്ലാം
കേളികൊട്ടിയരങ്ങിലുണർന്ന
ലോകസങ്കടം മാഞ്ഞുതീരുന്നു
ശ്രീലകങ്ങൾക്കരികിൽ നടയിൽ
രാഗമാലികപാടിയുണർന്ന
ഭൂഹൃദയത്തിനിടയ്ക്കയിൽ
തുടിയേറ്റിനിൽക്കുന്നു ശ്രീരാഗഭംഗി
No comments:
Post a Comment