മൊഴി
മാഞ്ഞുതീരുന്നു ചൈത്രമീയിടവഴിയിലായ്
മാഞ്ഞുതീരുന്നു പലേ ശിരോരേഖയും
കർമ്മകാലത്തിനിഴയിൽ നിന്നിത്തിരിതെറ്റി
താഴെ വീണൊരു പദത്തിന്റെ
വർത്തമാനവും; പിന്നെയേകതാരയിൽ
നിറഞ്ഞൊഴും സ്വരങ്ങളുമായിരം
ദീപങ്ങളെ തെളിയ്ക്കുമാകാശവും
മഷിതുള്ളികൾ തൂവിയിത്തിരി
കറുപ്പിച്ച മനസ്സിൽ
കെടാവിളക്കേറ്റിയ കവിതയും
അറിവിന്നാദ്യക്ഷരബിന്ദുവിൽ
നിന്നും ശിരോപടത്തിൽ
മുഖം താഴ്ത്തി നിന്നൊരു
പതാകയും
തുലാവർഷവും കടന്നുഷസ്സിൻ
തിരുനെറ്റിത്തടത്തിലെഴുതിയ
ഹരിശ്രീമന്ത്രങ്ങളും
മറന്നുതീരാതെയെൻ മനസ്സിൽ
തട്ടിതൂവിയൊഴുകികുളിർന്നൊരു
മഴതുള്ളിയുമതിൽ
വിടർന്നുവരുന്നൊരു
പാരിജാതപ്പൂക്കളും..
അരികിൽ
പുരോഗതമതിന്റെയിതളുകൾ
എഴുതിനീട്ടുന്നൊരു ഗ്രഹശിഷ്ടങ്ങൾ
തേരിനരികിൽ കണ്ടെത്രയോ
വിശ്വരൂപങ്ങൾ
നിലവറകൾക്കുള്ളിൽ
നിന്നുമുണരും വെളിച്ചത്തിനരികിൽ
തുടുത്തൊരു പ്രാചീനസത്യങ്ങളും
കഥയും പിന്നെ കാവ്യസർഗങ്ങളതും ചേർന്ന
പ്രപഞ്ചം തീരാത്തൊരു വിസ്മയം
വിരൽതുമ്പിലൊതുങ്ങിമായാത്തതുമതിന്റെ
ധ്വനി, വിശ്വഗതിയിൽ, പ്രദക്ഷിണപദത്തിൽ
തുളുമ്പുന്നതതിന്റെയാരുഢത്തിൻശ്രുതിയാ
ശ്രുതിയുടെയനന്ത ഭാവങ്ങളിലൊഴുകും
സമുദ്രമേ!
എടുത്തു സൂക്ഷിക്കുക ശംഖുകൾ, ഭൂപാളങ്ങൾ
എടുത്തു സൂക്ഷിക്കുക മുനമ്പിൻ ജപമന്ത്രം...
No comments:
Post a Comment