Sunday, April 22, 2012


മൊഴി


പദ്മവ്യൂഹം കടന്നെത്തി
ഞാനീക്കടൽചിത്രങ്ങളിൽ
സർഗമാകുവാനായ്,
ചുറ്റിത്തിരിഞ്ഞെങ്കിലും
പിന്നിലായിരം ശസ്ത്രങ്ങൾ
വീണെങ്കിലും
ഇത്തിരി കാവ്യവും, ചിന്തയും,
നേർ രേഖയെത്തിനിൽക്കുന്ന
ഹൃദ്സ്പന്ദങ്ങളും
ഭദ്രമായാക്കടുംവ്യൂഹത്തിനുള്ളിൽ
നിന്നെന്റെ ഭൂഗാനങ്ങളേറ്റുവാങ്ങി..


കാഴ്ചകൾ കണ്ടുകണ്ടീവഴിയ്ക്കുള്ളിലെ
കാറ്റുപോലും നടുങ്ങീടുന്നുവോ
തൂലികതുമ്പാലുടച്ചുതീർക്കും
ലോകവാതിലിൽ സത്യം മരിക്കുന്നുവോ?
ഒരോ തുടക്കവും തെറ്റിപ്പിരിഞ്ഞാദി
മൂലങ്ങളെല്ലാം തകർന്നീടുമ്പോൾ
പദ്മവ്യൂഹത്തിൽ നിന്നെത്രയകന്നു
ഞാനെത്രയോ ദൂരം 
നടന്നുവന്നെത്തിയോരിക്കടലെത്ര
പ്രശാന്തമീ സന്ധ്യയിൽ..


പാതയിൽ നിന്നും ജനൽവാതിലിൽ
വന്നു തേങ്ങുന്നുവോ ദ്രോണസങ്കടം;
കാണാത്തൊരേകലവ്യന്മാർ വിരൽ 
ത്യജിക്കാത്തതിൻ കാരണം തേടി
നടക്കുന്നുവോ കുലം?
എത്ര ഋതുക്കൾ മറഞ്ഞുതീർന്നഗ്നിയിൽ
എത്ര ദീപാരാധനത്തട്ടങ്ങളിൽ
പുകഞ്ഞെത്രെ  ത്രിസന്ധ്യകൾ 
രുദ്രാക്ഷമന്ത്രമായ്  
ഇത്രനാളും വിരൽ തുമ്പിൽ
തുളുമ്പിയോരക്ഷരങ്ങൾ
പോലുമെത്ര നിസ്സംഗമായ്

No comments:

Post a Comment