മുദ്ര
അരികിലിരുന്നു
മഹാസർഗബിന്ദുവിൽ
നെടുകയും കുറുകെയും
കോറിയോരിന്നുവന്നെഴുതുന്നു
ഭൂമിയിയ്ക്കിതേതു രോഷം
അരികിലെൻ ജാലകചില്ലുടച്ചോർ
പിന്നെയെരിയുന്ന
തീയ്ക്കെണ്ണയിറ്റിച്ചവർ
അവർ പറയുന്ന മാഹാത്മ്യങ്ങളായിരം
ദയയോടെ കേൾക്കുവാനാവുന്നുമില്ലെന്റെ
ഹൃദയമിന്നത്ര കഠിനമല്ലെങ്കിലും
മറവിയിൽ മാഞ്ഞുതീരുന്നില്ല
മുറിവുകൾ..
പലനാളിലും പറഞ്ഞീവാതിലിൻ
താഴിലെഴുതിയൊട്ടിക്കേണ്ട
സൂക്തങ്ങൾ, പിന്നെയും
കുരുതിയ്ക്കൊരിത്തിരി
മൺ തരിതേടിയെൻ
പകലുമിരുട്ടിൽ പുതപ്പിച്ചു
നീങ്ങിയോരറിവിലിന്നൂറുന്നതേതു ദൈന്യം?
അരികിലെ സന്ധ്യയ്ക്കശോകവർണ്ണം
നീണ്ട നിഴലുകൾ മായ്ച്ചതനേകവർണ്ണം
കരിമുകിൽതുമ്പിൽ നിന്നിറ്റിറ്റുവീണതോ
കടലിനെ ചുറ്റിയ കാലഭേദം
മിഴിയിലും, പിന്നെ മഴതുള്ളികൾ
വീണ വഴീയിലും പവിഴമല്ലിപൂവുകൾ
കവിത തൂവുന്നസുഗന്ധവും
ഗ്രാമത്തെയറിയുന്ന സോപാനഗാനങ്ങളും
ഇടവഴിയ്ക്കരികിൽ
മറഞ്ഞൊരാപുഴയുടെയിതളും
കരിഞ്ഞു, കരിഞ്ഞതുമ്പിൽ മണൽ
തരികൾ രചിച്ചു ദിനാന്ത്യകാവ്യം
ഒടുവിൽ ശേഷിച്ചു പുകഞ്ഞ
രാജ്യത്തിന്റെയിരുളിനെ മായ്ക്കും
സ്വതന്ത്രമുദ്ര...
No comments:
Post a Comment