Saturday, April 14, 2012








സങ്കീർത്തനം
എനിക്കുമൊരു കണിയൊരുക്കും
പ്രപഞ്ചമേ
നിറച്ചാലുമീ പടിപ്പുരയിൽ
വിഷുക്കണി
കണിപ്പൂവുകൾ തേടിനടന്നു
ബാല്യം നെയ് ത കസവുപുടവയിൽ
ഗ്രാമത്തിൻ പൂർവാഹ്നങ്ങൾ
അരികത്തിരുന്നമ്മയേകിയ
കൈനീട്ടങ്ങളെടുത്തു
സൂക്ഷിച്ചോരു ബാല്യകൗതുകം 
വളർന്നരയാൽ പോലെ
പടർന്നാകാശം കണ്ടീടുമ്പോൾ
എനിക്കുമൊരു കണിയൊരുക്കും
പ്രപഞ്ചമേ 
നിറച്ചാലുമീക്കടലതിലും സ്വരങ്ങളെ
ഒരിക്കൽ വർണ്ണങ്ങളിലലിഞ്ഞു
വേനൽ മഴയിടയ്ക്ക്
തുളുമ്പിയ  സഹസ്രപത്രങ്ങളിൽ
എഴുതിതീരാഞ്ഞൊരു ഹൃദയം പോലെ,
ലയമൊരിക്കൽ നിർത്തിപ്പോയ 
മൃദംഗതാളം പോലെ
ഋണപ്പാടിലായ്  ചുറ്റിയോടിയ
ഗ്രഹങ്ങളിലുറക്കം മറന്നോരു
ഭൂപാളസ്വരം പോലെ
മനസ്സിൽ ചിലങ്കതൻ മണിതുണ്ടുകൾ
പാടിയുണർത്തും
പ്രഭാതത്തിൻ രംഗമണ്ഡപങ്ങളിൽ
എഴുതിതീരാത്തൊരു 
മൊഴിപോൽ വിരൽതുമ്പിലൊഴുകും
പ്രപഞ്ചമേ ചന്ദനക്കാപ്പിൽ
തൊഴുതുണരും സോപാനത്തിൻ
രാഗമാലികയ്ക്കുള്ളിൽ
നിറയ്ക്കാം ഞാനും വീണ്ടുമക്ഷരങ്ങളെ
മന്ത്രമുറങ്ങും പൂക്കൾചേർത്തു
കൊരുക്കാം മാല്യങ്ങളെ
എഴുതിതീരാത്തൊരീയുരുളിക്കുള്ളിൽ 
നിറഞ്ഞൊഴുകിപ്പരക്കട്ടെ കണിപ്പൂവുകൾ 
വീണ്ടുമെഴുതിതീരാത്തൊരീയുരുളിക്കുള്ളിൽ 
നിറഞ്ഞൊഴുകിപ്പരക്കട്ടെ പ്രപഞ്ചം
സങ്കീർത്തനമതിലോ നിറയട്ടെ
തുളസീഗന്ധം, തീർഥമൊഴുകും
മഴയ്ക്കുള്ളിൽ സംഗീതമുണരട്ടെ...

No comments:

Post a Comment