Saturday, April 21, 2012

മൊഴി


അക്ഷതം തൂവി 
യാത്രാമൊഴിയും ചൊല്ലി
പണ്ടേയെത്രപേർ 
മറഞ്ഞുപോയരങ്ങിൽ
ശേഷിക്കുന്നതിപ്രപഞ്ചത്തിൻ
ചെപ്പുമതിലെ  രത്നങ്ങളും
എത്രയോ നാളിൽ
വളപ്പൊട്ടുകൾക്കുള്ളിൽ
നിന്നുമിത്തിരിവർണ്ണം
ചാലിച്ചെടുത്ത   നെൽപ്പാടങ്ങൾ
മിഴിയ്ക്കുള്ളിലായൊഴുക്കീടുന്നു
മരതകതിളക്കം, ഗ്രാമത്തിന്റെ
സവിശേഷമാം വർണ്ണം...
മുറിപ്പാടുകൾ 
തൂവിയിത്തിരിചുമപ്പതിൻ 
വടുക്കൾ പോലും
മുന്നിൽ ഘോഷയാത്രയിൽ
കണ്ടുകഴിഞ്ഞതെല്ലാമൊരു
മിഥ്യതൻപോരായ്മകൾ..


കനലേറ്റിയ  ധൂപപാത്രങ്ങൾ
തുളസിപ്പൂവിതളിൽ
തൂവീടുന്നു കറുപ്പിൻ 
പര്യായങ്ങൾ..
കാലമെത്രയോ നീങ്ങി
കണ്ടുകണ്ടതിശയഭാവവും
നിസംഗതയതിനും
ദണ്ഡാജിനഭാവവും വീണ്ടും
ദർഭപ്പുല്ലിലായ്  വളരുന്നു...
പഴയ  കൽച്ചീളുകൾ
പർണ്ണശാലകൾ തീർത്തു
പുരാണങ്ങളോ
മഴക്കാലത്തിലൊഴുകിപ്പോയ്..


കണിവച്ചതെൻ കാനനത്തിന്റെ
ചിലമ്പുകൾ
ഹൃദയത്തുടിയിലോ
കാറ്റിന്റെയോംങ്കാരങ്ങൾ
എഴുതിത്തുടങ്ങിയ നാളിൽ
നിന്നെന്നേ ചുരുളഴിഞ്ഞ  
 പ്രബന്ധത്തിൻ താളിയോലകൾ,
പിന്നെ വിരലിൽ തടഞ്ഞതോ
വിസ്മയം നെയ്തിട്ടോരു
വിടർന്ന  ദിനത്തിന്റെ
മഹാസർഗങ്ങൾ തീർത്ത
പകലിൻ പടിപ്പുരവിളക്കിൽ
നിറഞ്ഞൊരു പ്രകാശത്തിന്റെ
ബിന്ദുവാകുമൊരാദ്യക്ഷരം..

No comments:

Post a Comment