മൊഴി
ഇടവഴി തിരിഞ്ഞൊരു
പകലിൻ തീരത്താളിപ്പടരും
സായാഹ്നമേ
മഴതുള്ളികൾ തേടിയൊഴുകും
കടലൊരു സ്വപ്നമാ
സ്വപ്നത്തിന്റെയിതളിൽ
നിന്നും മുത്തു തൂവുന്ന
സങ്കല്പമോ
കടം തീർന്നൊരു ഭാഗധേയങ്ങൾ
കൈയൊപ്പിട്ടുമടങ്ങും നേരം
ദിനമാകാശവാതിൽതുറന്നരികിൽ
മെല്ലെതൂവിനക്ഷത്രതിളക്കങ്ങൾ
പ്രപഞ്ചമുറങ്ങിയങ്ങുണർന്ന
പ്രഭാതത്തിൽ
കവിത വിരിഞ്ഞതും,
മഴതുള്ളികൾക്കുള്ളിലിലകൾ
തളിർത്തതും പിന്നെയാ
ദർഭാഞ്ചലമടർത്തി പവിത്രപ്പൂ
വിരലിൽ വിരിഞ്ഞതും..
ഇടയ്ക്കക്കുള്ളിൽ
നിന്നുമുണർന്ന മൊഴിക്കുള്ളിൽ
ഉറക്കം മറന്നൊരു സോപാനമുണർന്നതും
അരികിൽ പ്രദക്ഷിണവഴിയിൽ
കണ്ടൂ ലോകമതിനുമൊരേ
ശിരോലിഹിതം കീറിതുന്നി
മുറിവിൽ പടരുന്ന മരുന്നിൻ
ഗന്ധം; പഴേയറിവിൽ
നിന്നും നടന്നേറിയതൊരു
ചിതൽക്കുടുക്കിൽ
കുരുങ്ങിയൊരാദികാവ്യത്തിൽ.
ചില്ലുതരികൾക്കുള്ളിൽ
നോവു മായുന്നു, ഹൃദയമോ
ചില്ലുകൂടുടച്ചൊരു യാത്രയിൽ
മറന്നിട്ട ചില്ലുപാത്രത്തിൽ
തണുത്തുറയുന്നുവോ യുഗം..
No comments:
Post a Comment