Wednesday, April 18, 2012


സ്വരം 


നിറയുന്നതുൾക്കടൽ
തിരമാഞ്ഞുമാഞ്ഞുതീർന്നകലേയ്ക്കു 
നീങ്ങും മഹാസാഗരം..
അരികിലൊരു രാജ്യത്തിനതിരും
കടന്നെത്ര മുകിലുകൾ 
യാത്രയാവുന്നു; ചുറ്റീടുന്നൊരഴലിന്റെ 
നിഴൽ  സാക്ഷി നിന്നിടുന്നു..
കനലതിൽ നിന്നുമുണർന്നൊരാ
സന്ധ്യയൊരു കവിതയുടെ
പൂവായ്  വിരിഞ്ഞിടുന്നു..
അരികിൽ ചിതയ്ക്കുള്ളിലിതൾ
പൊഴിഞ്ഞൊരു പകൽ
മറയുന്നതും, കൃഷ്ണമുകിലുകൾ
മായ്ക്കുന്ന  നക്ഷത്രദീപങ്ങളെരിയുന്നതും
കണ്ടിരുന്ന  പ്രദോഷത്തിനരികിലോ
രുദ്രാക്ഷമന്ത്രം മറഞ്ഞതും;
പഴിയിട്ടു തീർന്ന  യുഗത്തിൻ
സരയൂവിനലയിൽ മായുന്നു
മഹാകാവ്യദൈന്യങ്ങളെഴുതിയും
തീരാതെ നിന്നൊരാ വാത്മീക
കഥയിലോ കണ്ടതൊരഗ്നികുണ്ഡം
തളിരലയ്ക്കുള്ളിൽ നിവേദിച്ച
നേദ്യങ്ങളതിലെത്ര കല്ലുതരിയൊടുവിലോ
കൈവിരൽതുമ്പിൽ തടഞ്ഞതെൻ
ഹൃദയത്തിനറയിലെ സ്പന്ദനങ്ങൾ
എഴുതിയിന്നൊരു തുമ്പമലരതിൻ 
ശുഭ്രമാമിതളിൽ തിളങ്ങിയോരെന്റെ ഗാനം 
അതിലൊരു സ്വരം ചേർത്തു നിൽക്കും
പ്രഭാതമേയരികിലൊരു
ശുഭരാഗശ്രുതിയുണർത്തീടുക...

No comments:

Post a Comment