Sunday, April 8, 2012


ഹൃദ്സ്പന്ദനങ്ങൾ


എത്രനിശ്ശബ്ദമിന്നെൻ
ഹൃദയസ്പന്ദങ്ങളെത്ര
മനോഹരമിന്നു സായന്തനം..
എത്രയോ ദൂരം നടന്നു
ദിക്കാലങ്ങളെത്തിനിൽക്കും
വ്യോമസീമയിൽ 
നിന്നുമൊരുത്തരം
തേടിയോരാർദ്രനക്ഷത്രത്തിനക്ഷരം
നിന്നു തിളങ്ങും മനസ്സിന്റെ
ചിത്രങ്ങൾ സൂക്ഷിക്കുമീ
കടൽശംഖുകളെത്ര 
കാവ്യങ്ങളെയുള്ളിലൊതുക്കുന്നു


എത്ര  പ്രദോക്ഷങ്ങളെത്ര
ത്രിസന്ധ്യകളെത്ര
വാനപ്രസ്ഥങ്ങളിന്നും
കുരുക്ഷേത്രമെത്തി നിൽക്കുന്നു
പ്രപഞ്ചരഥങ്ങളിൽ,
കത്തുന്നതഗ്നിയല്ലാധികളല്ലൊരു
ദിക്കിന്റെയസ്വസ്ഥഭാവങ്ങൾ
നേരിനെ വെട്ടിച്ചുരുക്കിയോരോർമ്മകളിൽ
ചുറ്റിയൊട്ടിനിൽക്കുന്ന  ത്രിനേത്രവും
ഭൂമിതന്നക്ഷപാത്രത്തിലെ
ശാകപത്രങ്ങളും...



എത്രവളർന്നു നഗരത്തിരക്കിന്റെ
ഭിത്തികൾപോലും ഭയാനകം
ജാലക ചിത്രങ്ങൾ 
പോലുമിന്നെത്രയോ നിർമ്മമം
കാലം മറച്ചു കുയിൽപ്പാട്ടുകൾ
വിരൽക്കോണിലോ
വീണ്ടും ഘനസ്വരങ്ങൾ

ആകെതണുത്തിരിക്കുന്നു
വിരൽതുമ്പിലോടിയ  നോവുമാ
നോവിന്റെയോർമ്മയും..
ആകെ മുറിഞ്ഞിരിക്കുന്നു
പതാകകളാരവം മാത്രം 
പുരാണത്തിലേറുന്നു..



No comments:

Post a Comment