Monday, April 16, 2012


മൊഴി

എത്രനാൾ കണ്ടൂ 
കഥയ്ക്കുള്ളിലായിരം
ചിത്രം രചിച്ചോരു
പുസ്തകത്താളുകൾ
കാണുവാനെന്നും മിനുക്കിതുടയ്ക്കുന്ന
കാവടിപ്പൂക്കൾപോലെന്നും
ചരിത്രവും
പാലുതൂവിപുലർകാലമെത്തും
ഗ്രാമവീഥിയിൽ നിന്നും
നടന്നുനീങ്ങും മേഘഗാനവും
ശ്രീലകം തീർക്കുന്ന  ഭംഗിയും
എത്രനാളെണ്ണയിൽമുങ്ങി 
നറുംവാകയിത്തിരിതേച്ചു
വരും പ്ര്ഭാതത്തിന്റെ
കുത്തുവിളക്കിൽ പ്രകാശം
തുളുമ്പുന്നു..


വ്യോമസങ്കല്പം
മുറിഞ്ഞാമുറിപ്പാടിലൂറുന്നു
വീണ്ടും സുധാസമുദ്രങ്ങളും
തീരഭൂവിൽ ബലിപ്പൂക്കളും തൂവിയാ
കാലം തിടമ്പേറ്റിനിൽക്കുന്നു മുന്നിലായ്
ലോകം മുറിഞ്ഞു പലേ ദിക്കിലും
ചുറ്റിയോടിയോരാഗ്രഹസങ്കല്പവും
കാവ്യങ്ങളെല്ലാം തുളുമ്പിയോരാമഴക്കാലവും
കണ്ടൂ പലേ കുടമാറ്റവും
വിണ്ടുകീറിപലേ ദു:ഖവും
താങ്ങിയോരീപ്രപഞ്ചം 
പോലുമെത്ര നിസ്സംഗമീ
ചില്ലുകളും തകർന്നേറും
മനസ്സിന്റെ ചില്ലകളിൽ
കൂടുകൂട്ടുമാകാശവും
ആർദ്രമിന്നീപുലർകാലവും
പിന്നെയീയാലാപനത്തിന്റെ
പൂർണ്ണസ്വരങ്ങളും....

No comments:

Post a Comment