ആകാശനക്ഷത്രങ്ങൾ
അരികിൽ കേൾക്കും
വേദശിവസാരത്തിൽ,
തീർഥമൊഴുകും പ്രഭാതത്തിൻ
കലശക്കുടങ്ങളിൽ
മൊഴിയെത്തുന്നു പിന്നെയരികിൽ
പ്രദക്ഷിണവഴിയിൽ
പ്രദോഷങ്ങളെടുത്തു സൂക്ഷിക്കുമാ
രുദ്രാക്ഷമന്ത്രങ്ങളും..
ഒരിക്കൽ വിഭൂതിയാൽമറച്ച ത്രിനേത്രത്തിലുരുകിതീരുന്നുവോ
ജന്മദൈന്യങ്ങൾ?
പിന്നെയരികിൽ പതിനാലുലോകങ്ങളതിൽ
നിന്നുമുണരും പ്രകാശത്തിൻ
യോഗഭാവവും
തീരെയഴുതിച്ചുരുക്കിയോരാൽ
മരക്കൊമ്പിൽ നിഴലൊഴുകി
തീരാത്തതുമൊരു കൗതുകം;
ബോധഗയകൾ മറന്നോരു
സിദ്ധബോധങ്ങൾ തീർത്ത
കാരിരുമ്പഴിയ്ക്കുള്ളിലുറങ്ങും
ഭൂഗാനവും..
മൃദുവാം പട്ടിൽ പൊതിഞ്ഞൊരു
തീക്കുണ്ഡത്തിലേയ്ക്കൊഴുക്കും
ദ്രവ്യങ്ങളിലഗ്നിതൻ മന്ത്രങ്ങളോ?
അരികിലുദ്യാനത്തിൻ ഹരിതപ്പുതപ്പിൽ
നിന്നുണരുന്നത് ചന്ദനത്തിന്റെ
കുളിർ ഗന്ധം ..
വയലേലകൾ കടന്നൊരു ഗ്രാമത്തിൻ
ശീർഷലിപിയിൽ തിളങ്ങുന്ന
ഗായത്രിമന്ത്രം പോലെ
ഉണർന്നുവരുന്നതുമൊരുവേദത്തിൻ
മുദ്രയതിലോ നൂറ്റാണ്ടുകളുറങ്ങിക്കിടക്കുന്നു.
ഇടയിൽ വഴിതിരിഞ്ഞെങ്ങോട്ടോ മായും
ശിരോലിഹിതം പോലെ ഋതുചിത്രങ്ങൾ
മാറീടുന്നു.
മിഴിയിൽ നിറയുന്ന ലോകമാലോകത്തിന്റെ
ശിരസ്സിൽ തെറ്റിക്കൂടിയോടുന്ന ദിനങ്ങളിലൊരു
സർഗത്തിന്റെയിതളായ് വിടരുന്ന
വിരൽതുമ്പിലെയക്ഷരങ്ങളിൽനിന്നും വീണ്ടുമടർത്തി
സൂക്ഷിക്കാമീയാകാശനക്ഷത്രങ്ങൾ..
No comments:
Post a Comment