Monday, April 9, 2012


ഹൃദ്സ്പന്ദനങ്ങൾ


വാനിലെ താരകളെൻ
മിഴിക്കുള്ളിലെ
ഗാനങ്ങളിൽ സ്വപ്നമാവുന്നു,
ചുറ്റിലെ  ലോകം
തിരിഞ്ഞു നീങ്ങും ദർപ്പണങ്ങളിൽ
കാണുന്നതോ മഷിതൂവിയചിത്രങ്ങൾ..


നേരിയമൂടൽമഞ്ഞും മാഞ്ഞു
പിന്നിലായേറും നിഴൽപ്പാടിലേതോ
തണൽ മരം..
ആകാശവും തുന്നിനീട്ടുന്നു
കല്പാന്തകാലങ്ങളിൽ
പ്രളയമേറ്റും യുഗങ്ങളെ..


മായും മരീചികക്കുള്ളിൽ
മയങ്ങിയോരാധികൾ
പോലും നിസ്സംഗം
പഴേദു:ഖ  നോവുകൾ പോലും
മറഞ്ഞു ചിതൽപ്പുറ്റിൽ
കാണുന്നിതിന്നിത്രമാത്രം
വിരൽതുമ്പിലൂറുന്ന
സർഗവും, സ്വർഗവാതിൽ
തുറന്നീഭൂവിലെത്തും
മനോഹരദൃശ്യവും..


കാലം കടഞ്ഞു 
പലേദിക്കുമെങ്കിലും
കാണുന്നുവീണ്ടും
പ്രഭാതദീപങ്ങളെ
ഊഴിയിൽ വീണതൊരിത്തിരി
ചന്ദനം
വേദനതന്നതൊരിത്തിരികണ്ണുനീർ
ഭൂമികൈയാലെയെടുത്തതൊരു കടൽ
താരകൾ തന്നതോ ദീപാവലി



No comments:

Post a Comment